തിരുവനന്തപുരം:തീരദേശത്ത് വേലിയേറ്റ രേഖയിൽ നിന്നും 50 മീറ്ററിനുളളിൽ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിത മേഖലയിൽ പുനരധിവസിപ്പിക്കുന്ന പുനർഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ മോട്ടിവേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനുളള അഭിമുഖം 12.08.2024 ന് രാവിലെ 10.30 മണിക്കും പ്രോജക്റ്റ് കോ- ഓർഡിനേറ്റർ തസ്തികയിലേക്കുളള അഭിമുഖം ഉച്ചയ്ക് 2.00 മണി മുതലും നടക്കും.
പ്രോജക്റ്റ് കോ- ഓർഡിനേറ്റർ തസ്തികയുടെ യോഗ്യത അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും സോഷ്യൽ വർക്ക് /സോഷ്യാളജി വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ്. കമ്പ്യൂട്ടർ പരിജ്ഞാനം അധിക യോഗ്യതയായി കണക്കാക്കും.
ജില്ലയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടതും ബിരുദ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് മോട്ടിവേറ്റർ തസ്തികയുടെ അഭിമുഖത്തിൽ പങ്കെടുക്കാം . പ്രായം 22 നും 45 നും മദ്ധ്യേ.
താൽപര്യമുള്ളവർ കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡേറ്റ എന്നിവ സഹിതം 12.08.2024 ന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് കമലേശ്വരത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ -0471-2450773