തിരുവനന്തപുരം: വേറിട്ട പരിപാടികളുമായി എസ് എ ടി ആശുപത്രിയിൽ മുലയൂട്ടൽ വാരാചരണം സംഘടിപ്പിച്ചു.
വാരാചരണത്തോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കുമായി ദ്വിദിന ബോധത്കരണ എക്സിബിഷനും ഈ വാരത്തിൽ ജനിക്കുന്ന കുട്ടികൾക്ക് ഉപഹാരം നൽകലുമാണ് വാരാചരണത്തിൻ്റെ പ്രധാന ആകർഷണം.
എക്സിബിഷൻ്റെ ഉദ്ഘാടനം തിങ്കൾ രാവിലെ എസ് എ ടി റിക്രിയേഷൻ ഹാളിൽ ആശുപത്രി സൂപ്രണ്ട് ഡോ എസ് ബിന്ദു ഉദ്ഘാടനം ചെയ്തു. പോസ്റ്ററുകളും മോഡലുകളുമുപയോഗിച്ച് മുലയൂട്ടൽ രീതിയും മറ്റും വിശദീകരിച്ചു നൽകുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച വാരാചരണത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് എക്സിബിഷൻ സംഘടിപ്പിച്ചിട്ടുള്ളത്.
പീഡിയാട്രിക് വിഭാഗം മേധാവി ജി എസ് ബിന്ദു,
നിയോനാറ്റോളജി വിഭാഗം മേധാവി ഡോ എസ് രാധിക, ഗൈനക്കോളജി വിഭാഗം മേധാവി ( ഇൻ ചാർജ്) ഡോ ജയശ്രീ വാമൻ,ചീഫ് നേഴ്സിംഗ് ഓഫീസർ ബിന്ദു, ലേബർ റൂമിലെ ഡോക്ടർമാർ, നേഴ്സുമാർ, നേഴ്സിംഗ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
ബോധവത്കരണ ക്ലാസുകൾ, ജീവനക്കാർക്കും രോഗികൾക്കുമായി പ്രശ്നോത്തരി എന്നിവയും നടന്നു. മുലയൂട്ടൽ വാരമായ ഒന്നു മുതൽ ഏഴുവരെ എസ് എ ടിയിൽ ജനിക്കുന്ന കുട്ടികൾക്ക് ഉപഹാരം നൽകുന്നതാണ് മറ്റൊരു പ്രധാന പരിപാടി. വിവിധ പരിപാടികളോടെയുള്ള വാരാചരണത്തിൻ്റെ സമാപനച്ചടങ്ങുകൾ ഏഴാം തീയതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ് നിർവഹിക്കും.