തിരുവനന്തപുരം: ബിൽ അടയ്ക്കാത്തതിനെ തുടർന്ന് വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിന്റെ പ്രതികാരത്തിൽ കെ.എസ്.ഇ.ബി തിരുവല്ലം സെക്ഷൻ ഓഫീസ് ആക്രമിച്ചയാളെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു.
മേനിലം കീഴെ പാലറ കുന്നിൽ ആട് സജി എന്ന അജികുമാറാണ് (43) പിടിയിലായത്.
ചൊവ്വാഴ്ച പുലർച്ചെ 1.30 ഓടെയാണ് സംഭവം. കാറിലെത്തിയ ഇയാൾ ഓഫീസിന്റെ പ്രധാന വാതിലിൽ ഇടിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു. ജീവനക്കാർ വാതിൽ തുറന്ന് പുറത്തെത്തിയപ്പോൾ റിസപ്ഷനിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടർ, ലാൻഡ് ഫോൺ, ഓഫീസ് ഉപകരണങ്ങൾ എന്നിവ എടുത്ത് നിലത്തടിക്കുകയും ജനാലച്ചില്ലുകൾ അടിച്ചു തകർക്കുകയും ചെയ്തു.
തടുക്കാൻ ശ്രമിച്ച ഓഫീസ് സ്റ്റാഫുകളായ ബ്രൈറ്റ് സിംഗ് ജോസഫ്, ലൈൻമാൻ സജി, സുദർശൻ എന്നിവർക്ക് നിസാര പരിക്കേറ്റു. തുടർന്ന് ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി അക്രമിയെ കീഴ്പ്പെടുത്തുകയായിരുന്നു.
ഏതാനും നാളുകൾക്കു മുമ്പ് വിച്ഛേദിച്ചിരുന്ന വൈദ്യുതി കണക്ഷൻ പണം അടച്ചതിനെ തുടർന്ന് പുനസ്ഥാപിച്ചിരുന്നതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു