തിരുവനന്തപുരം : കർക്കടകത്തിലെ നിറപുത്തിരി ചടങ്ങ് 12-നു നടക്കും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കു നിറയ്ക്കുള്ള നെൽക്കതിരുകൾ നഗരസഭയുടെ നേതൃത്വത്തിൽ എത്തിച്ചു.12-ന് പുലർച്ചെയ്ക്ക് 5.45-നാണ് നിറപുത്തിരി ചടങ്ങ് നടക്കുന്നത്.
പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയ വയലിലാണ് നഗരസഭയും കൃഷിവകുപ്പും സംയുക്തമായി നെൽക്കൃഷിചെയ്തത്. കതിർക്കറ്റകൾ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിലാണ് ക്ഷേത്രത്തിലെത്തിച്ചത്.
ക്ഷേത്രം ഭരണസമിതി അംഗങ്ങളായ തുളസി ഭാസ്‌കർ, കരമന ജയൻ, എക്‌സിക്യുട്ടീവ് ഓഫീസർ ബി.മഹേഷ്, മാനേജർ ബി.ശ്രീകുമാർ എന്നിവർ കതിരുകൾ ഏറ്റുവാങ്ങി. ഡെപ്യൂട്ടി മേയർ പി.കെ.രാജു, കൗൺസിലർമാരായ ഷാജിത നാസിർ, അംശു വാമദേവൻ, സി.എസ്.സുജാദേവി, നേമം കൃഷി ഓഫീസർ ഡി.മലർ, ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എ.ജി.ശ്രീഹരി, ഫിനാൻസ് ഓഫീസർ വെങ്കിടസുബ്രഹ്മണ്യൻ തുടങ്ങിയവർ പങ്കെടുത്തു.