തിരുവനന്തപുരം:തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ നടന്ന 78-ാമത് സ്വതന്ത്ര്യദിനാഘോഷത്തിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വിനീത് ടി.കെ ദേശീയ പതാക ഉയർത്തി.
നിരവധി പേരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് നമ്മൾ അനുഭവിക്കുന്ന സ്വാതന്ത്ര്യമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
നാടിന്റെ നിലനിൽപ്പിനും അഭിവൃദ്ധിക്കുമുള്ള പോരാട്ടം തുടരണമെന്നും, രാഷ്ട്രശില്പികൾ വിഭാവനം ചെയ്ത സ്വാതന്ത്യത്തിലേക്കെത്താൻ ഐക്യത്തോടെയും ധൈര്യത്തോടെയും തുടർന്നും പ്രവർത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെ പരേഡും കളക്ടറേറ്റ് അങ്കണത്തിൽ നടന്നു. പരേഡിൽ എ.ഡി.എം അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനവും അരങ്ങേറി. ജില്ലാ ഭരണകൂടത്തിന്റെ സ്‌നേഹോപഹാരമായി മൊമന്റോ എസ്.പി.സി പ്രതിനിധിക്ക് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കൈമാറി.
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കളക്ടറേറ്റ് കോമ്പൗണ്ടിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റും എസ്.പി.സി കേഡറ്റുകളും ചേർന്ന് ഫലവൃക്ഷത്തൈകളും നട്ടു.
തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ആർ.സുധീഷ്, ഹുസൂർ ശിരസ്തദാർ രാജി.ആർ, സിവിൽ സ്റ്റേഷൻ ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.