തിരുവനന്തപുരം :സംസ്ഥാന സർക്കാരിൻ്റെ നാലാം നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന തദ്ദേശ അദാലത്തിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാ അദാലത്ത് നാളെ (ആഗസ്റ്റ് 21) നടക്കും.
വെള്ളയമ്പലം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 9.30ന് ആരംഭിക്കുന്ന അദാലത്ത് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ആൻ്റണി രാജു എംഎൽഎ അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ് കുമാർ സ്വാഗതം ആശംസിക്കും. ജില്ലയിലെ എം എൽ എമാർ, ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി ജനപ്രതിനിധികൾ എന്നിവരും അദാലത്തിൽ പങ്കെടുക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകിയതും സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികൾ, വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങൾ, സ്ഥിരം അദാലത്ത് സമിതി, വകുപ്പിന്റെ ഓഫീസുകൾ എന്നിവയിൽ തീർപ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിക്കുക. തിരുവനന്തപുരം കോർപ്പറേഷൻ തല അദാലത്ത് ഓഗസ്റ്റ് 29ന് കോർപ്പറേഷൻ ഓഫീസ് കോമ്പൗണ്ടിൽ നടക്കും.