കാട്ടാക്കട: കെ.എസ്.ആർ.ടി.സി.യിൽനിന്നു വിരമിച്ചയാളെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി.
കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷാണ് (65) മരിച്ചത്. പെൻഷൻ കൃത്യമായി ലഭിക്കാതായതോടെയുള്ള മനോവിഷമത്തിലാണ് അച്ഛൻ ആത്മഹത്യ ചെയ്തതെന്ന് മകൻ സുജിത് കാട്ടാക്കട പോലീസിന് മൊഴിനൽകി.
ചാർജ്മാൻ ആയാണ് സുരേഷ് പെൻഷനായത്. നാലുവർഷം മുൻപ് ഒരു അപകടത്തിൽ കാലിന് പരിക്കേറ്റതിനെത്തുടർന്ന് ചികിത്സയുടെ ഭാഗമായി വീട്ടിൽത്തന്നെയാണ് കഴിഞ്ഞിരുന്നത്. വാക്കറിന്റെ സഹായത്തോടെയായിരുന്നു നടപ്പ്. പെൻഷൻ മാത്രമായിരുന്നു വരുമാനം.
കഴിഞ്ഞ മൂന്നുമാസമായി പെൻഷൻ ലഭിച്ചിരുന്നില്ല. പെൻഷൻ മുടങ്ങിയതോടെ മരുന്നുവാങ്ങാനും നിത്യവൃത്തിക്കും മാർഗമില്ലാത്ത സ്ഥിതി ആയിരുന്നതായും ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്നും പറയപ്പെടുന്നു.