തെരുവ് വിളക്കുകളാൽ പ്രകാശഭരിതമായി കരമന-പ്രാവച്ചമ്പലം റോഡ്

IMG_20240831_223916_(1200_x_628_pixel)

തിരുവനന്തപുരം :കേരളത്തിന്റെ പശ്ചാത്തല വികസന മേഖലയിൽ സാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

കരമന-കളിയിക്കാവിള ദേശീയപാതയിൽ, കരമന മുതൽ പ്രാവച്ചമ്പലം വരെ മീഡിയനുകളിൽ സ്ഥാപിച്ച ആധുനിക തെരുവ് വിളക്കുകളുടെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. പാപ്പനംകോട് ജംഗ്ഷനിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായിരുന്നു.

കരമന -കളിയിക്കാവിള ദേശീയപാത കൂടുതൽ സ്മാർട്ട് ആയി മാറുകയാണ്. സർക്കാരിന്റെ ഡിസൈൻ പോളിസിയുടെ ഭാഗമായി പൊതു ഇടങ്ങൾ സൗന്ദര്യവൽക്കരിക്കപ്പെടുന്നതിന്റെ ഭാഗമാണ് ഈ മാറ്റങ്ങളെന്നു മന്ത്രി പറഞ്ഞു. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള മാറ്റങ്ങൾ പൊതു പദ്ധതികളുടെ ഭാഗമാക്കുക എന്നതാണ് സർക്കാരിന്റെ നയം. സ്മാർട്ട് ഫംഗ്ഷനോടുകൂടിയ പദ്ധതികൾ പ്രോത്സാഹിപ്പിക്കുക എന്നതാണ് പൊതുമരാമത്ത് വകുപ്പിന്റെ ലക്ഷ്യമെന്നും നൂതന സാങ്കേതിക വിദ്യയിൽ സ്മാർട്ട് ലൈറ്റുകൾ സാധ്യമാക്കിയ കേരളത്തിലെ ആദ്യ പദ്ധതിയാണ് കരമന – പ്രാവച്ചമ്പലം റോഡിലെ ആധുനിക തെരുവ് വിളക്ക് സംവിധാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കരമന – കളിയിക്കാവിള പാതയിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള നിർണായക ചുവടുവെപ്പാണ് ആധുനിക തെരുവ് വിളക്കുകളുടെ സംവിധാനമെന്നു മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മതിയായ വെളിച്ചമില്ലാത്തതിനെ തുടർന്ന് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ആശ്വാസം നൽകുന്നതാണ് ഈ തെരുവ് വിളക്കുകളെന്നും എല്ലാവർക്കും റോഡിൽ സുരക്ഷിത യാത്ര ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അടിസ്ഥാന സൗകര്യ വികസനത്തിൽ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് സംസ്ഥാനം കാഴ്ചവയ്ക്കുന്നത്. ജനങ്ങളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി തുടർന്നും പരിശ്രമിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

 

തദ്ദേശസ്വയംഭരണ വകുപ്പിന്റെ നൂറുദിന കർമ്മ പരിപാടിയിൽ പൂർത്തിയാക്കിയ ആദ്യ പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചവരെ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വീഡിയോ സന്ദേശത്തിലൂടെ അനുമോദിച്ചു.

 

സ്മാർട്ട്‌സിറ്റി പദ്ധതിയിലുൾപ്പെടുത്തിയാണ് ദേശീയപാത 66ൽ കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള അഞ്ചര കിലോമീറ്റർ റോഡിന്റെ മീഡിയനിലുള്ള സ്മാർട്ട് ലൈറ്റുകളുടെ സ്ഥാപിക്കലും സൗന്ദര്യവത്കരണവും പൂർത്തിയാക്കിയത്. 4.94 കോടി രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.

 

പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സ്മാർട്ട് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി നടന്നത്. 3.5 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതിയിൽ ഒൻപത് മീറ്റർ ഉയരമുള്ള 184 തൂണുകളാണ് കരമന മുതൽ പ്രാവച്ചമ്പലം വരെ സ്ഥാപിച്ചിരിക്കുന്നത്. പി.യു കോട്ടഡ് വൈറ്റ് കോണിക്കൽ പോളുകളിൽ 170 വാട്‌സ് ന്യൂട്രൽ വൈറ്റ് സ്മാർട്ട് ബൾബുകളാണുള്ളത്.

170 തൂണുകളിൽ രണ്ടു ബൾബുകൾ വീതവും കരമന ഭാഗത്ത് 14 തൂണുകളിൽ ഓരോ ബൾബുകൾ വീതവും ആണ് സ്ഥാപിച്ചിരിക്കുന്നത്.

 

തെരുവ് വിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി മൂന്ന് സ്മർട്ട് മോണിറ്ററിങ് പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. നേമം, കാരയ്ക്കാമണ്ഡപം, പാപ്പനംകോട് എന്നിവിടങ്ങളിലാണ് കൺട്രോൾ യൂണിറ്റുകളുള്ളത്.

 

ഇന്റർനെറ്റ് മുഖേന വിളക്കുകളുടെ പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്ന അത്യാധുനിക സാങ്കേതികവിദ്യയിൽ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പദ്ധതിയാണിത്. ഊർജ സംരക്ഷണം സാധ്യമാക്കുന്നതിനായി റോഡിന്റെ തിരക്കിനനുസൃതമായി വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ ബൾബുകളുടെ പ്രകാശം കൂട്ടാനും കുറയ്ക്കാനും സാധിക്കും. മാർച്ച് മാസത്തിലാരംഭിച്ച ഇലക്ട്രിക്കൽ പ്രവർത്തി നാല് മാസം കൊണ്ട് പൂർത്തീകരിച്ചു.

 

കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള റോഡിൽ പ്രത്യേകം സിഗ്‌നലും, സീബ്രാ ലൈനുകളും ഇല്ലാത്ത ഭാഗങ്ങളിൽ ജനങ്ങൾ റോഡ് മുറിച്ച് കടക്കുന്നതിനെ തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4.75 കിലോമീറ്റർ നീളത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ മഴക്കാലങ്ങളിൽ ഡിവൈഡറിൽ പാഴ്‌ച്ചെടികൾ വളർന്ന് വാഹന യാത്രക്കാർക്ക് കാഴ്ച മറയുന്നത് ഒഴിവാക്കുന്നതിനും മാലിന്യ നിക്ഷേപം തടയുന്നതിനുമായി ജംഗ്ഷനുകളിലെല്ലാം 50 മീറ്റർ വീതം നീളത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. കരമന പാലത്തിന് സമീപമുള്ള ഐലൻഡിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ചെടികളും പുൽത്തകിടിയും വെച്ച് മോടി പിടിപ്പിച്ചിട്ടുണ്ട്. മറ്റ് ഭാഗങ്ങളിലെ പ്രവർത്തികൾ പുരോഗമിക്കുകയാണ്.

 

തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, തിരുവനന്തപുരം നഗരസഭ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, വാർഡ് കൗൺസിലർമാരായ ആശാനാഥ്, സൗമ്യ, മഞ്ജു ജി.എസ്, എം.ആർ ഗോപൻ, യു.ദീപിക, മറ്റ് ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയർ ബീന.എൽ, ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയർ എം.അൻസാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!