തിരുവനന്തപുരം : ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശത്തിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും.
കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെ.സി.എ.) പ്രഥമ കേരള ക്രിക്കറ്റ് ലീഗിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലാണ് തുടക്കമാകുന്നത്.
കേരളത്തിൽ ആദ്യമായാണ് ഇത്രയും വലിയ ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്. ഒരു ദിവസം രണ്ടു മത്സരങ്ങളാണ്. ഒരു മത്സരം ഫ്ളഡ്‌ലിറ്റിലാണ്. കാണികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.
ഉച്ചയ്ക്ക് 2.30-ന് ആദ്യ മത്സരത്തിൽ മുഹമ്മദ് അസ്ഹറുദ്ദീൻ ക്യാപ്റ്റനായ ആലപ്പി റിപ്പിൾസും വരുൺ നായനാർ ക്യാപ്റ്റനായ തൃശ്ശൂർ ടൈറ്റൻസും ഏറ്റുമുട്ടും.
മത്സരശേഷം വൈകീട്ട് 6-ന് കേരള ക്രിക്കറ്റ് ലീഗിന്റെ ഉദ്ഘാടനം നടക്കും. കേരള ക്രിക്കറ്റ് ലീഗിന്റെ ഔദ്യോഗിക ഗാനം ഗായകൻ അരുൺ വിജയ് ആലപിക്കുന്നതോടെയാണ് ചടങ്ങുകൾക്ക് തുടക്കമാവുക. 60 കലാകാരന്മാർ ചേർന്നൊരുക്കുന്ന ദൃശ്യവിരുന്നും ചടങ്ങിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്