കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസ് കുഴിയിൽ വീണപ്പോൾ പിൻഭാഗത്തെ കണ്ണാടി തകർന്ന് റോഡിൽ തെറിച്ചുവീണ വിദ്യാർത്ഥി പരിക്കുകളോടെ രക്ഷപ്പെട്ടു.
ആറ്റിങ്ങൽ വലിയകുന്ന് നിലാവിൽ പ്രവീൺ ചന്ദ്രയുടെ മകൻ നവനീത് കൃഷ്‌ണ (17)യാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
പള്ളിപ്പുറം ടെക്നോസിറ്റിക്കടുത്ത് ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് മുന്നിലെ ദേശീയപാതയിൽ ഇന്നലെ വൈകിട്ട് 3.30നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് ആറ്റിങ്ങലിലേയ്‌ക്ക് പോയ കെ.എസ്.ആർ.ടി.സി ബസ് ഗട്ടറിൽ വീണപ്പോൾ ബസിന്റെ പിന്നിൽ നിൽക്കുകയായിരുന്ന നവനീത് ഗ്ലാസ് തകർന്ന് പുറത്തേക്ക് വീഴുകയായിരുന്നു.വീഴ്‌ചയിൽ തലയ്‌ക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് നവനീത്.