തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം പിന്നിടുന്നു.
നഗരത്തിലെ 45 വാർഡുകളാണ് കുടിവെള്ളക്ഷാമത്താൽ ബുദ്ധിമുട്ടിലായിരിക്കുന്നത്.
തിരുവനന്തപുരം- കന്യാകുമാരി റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന പൈപ്പ് ലൈനുകളിലുടെയുള്ള ജലവിതരണം നിർത്തിവെച്ചത് കഴിഞ്ഞ അഞ്ചാം തിയതിയായിരുന്നു.
വാട്ടർ അതോറിറ്റിയുടെ നേമത്തേക്കും ഐരാണിമുട്ടം ഭാഗത്തേക്കും പോകുന്ന ട്രാൻസ്മിഷൻ മെയിൻ പൈപ്പ് ലൈനുകളുടെ അലൈൻമെന്റാണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നത്.
48 മണിക്കൂറുകൊണ്ട് പൂർത്തിയാക്കാനുദ്ദേശിച്ചാണ് പണി തുടങ്ങിയത്.എന്നാൽ ഉദ്ദേശിച്ച രീതിയിൽ പണി പുരോഗമിക്കാതെ വരികയും സാങ്കേതിക കാരണങ്ങളാൽ ഇത് നീണ്ടുപോകുകയും ചെയ്തതോടെ സാധാരണക്കാർ പെട്ടു.
കഴിഞ്ഞ ദിവസം സെക്രട്ടേറിയേറ്റ് ഉൾപ്പെടെ വെള്ളമില്ലാതെ വലഞ്ഞിരുന്നു. ഇന്ന് മിക്ക സ്ഥാപനങ്ങളും ഞായറാഴ്ച ആയതിനാൽ അടച്ചിരിക്കുന്നത് വലിയ പ്രതിസന്ധി ഒഴിവാക്കി. എന്നാൽ വീടുകളിൽ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്.