നെടുമങ്ങാട് :കേരള സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട് നഗരസഭാ പരിധിയിൽ ഓണം ഫെയറിന് തുടക്കമായി.
സപ്ലൈകോ പീപ്പിൾസ് ബസാറിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓണച്ചന്ത ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.
പൊതുവിപണിയേക്കാൾ കുറഞ്ഞ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ജനങ്ങൾക്ക് നൽകാൻ സപ്ലൈകോ ഓണച്ചന്തകളിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സംരംഭങ്ങൾ ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം. വിലക്കയറ്റം സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ക്രിയാത്മക ഇടപെടലുകളാണ് റേഷൻകടകളിലൂടെയും സപ്ലൈകോ-കൃഷിവകുപ്പ് ഔട്ട്‌ലെറ്റുകളിലൂടെയും സർക്കാർ നടത്തുന്നത്.
സബ്‌സിഡി ഇല്ലാത്ത സാധനങ്ങളും ന്യായമായ വിലയിൽ ലഭ്യമാക്കുന്നതിലൂടെ, സപ്ലൈകോ സ്‌പെഷൽ ഓണച്ചന്തകളിലുൾപ്പെടെ വലിയ തോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
നെടുമങ്ങാട് നഗരസഭാ വൈസ്‌ചെയർമാൻ എസ്.രവീന്ദ്രൻ അധ്യക്ഷനായിരുന്നു. കൗൺസിലർ സിന്ധു കൃഷ്ണകുമാർ, സപ്ലൈകോ നെടുമങ്ങാട് എ.എം ഡിപ്പോ മാനേജർ അമ്പിളി അശോക്, നെടുമങ്ങാട് താലൂക്ക് ഡിപ്പോ ജെ.എം അനിത കുമാരി എന്നിവരും പങ്കെടുത്തു.