തിരുവനന്തപുരം:തിരുവനന്തപുരം മുട്ടത്തറയില്‍ ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതിയില്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍ 2025 ഫെബ്രുവരിയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഗുണഭോക്താക്കളായ മത്സ്യത്തൊഴിലാളികള്‍ക്ക് കൈമാറുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍.
നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 8 ഏക്കർ സ്ഥലത്ത് 50 കെട്ടിട സമുച്ചയത്തിലായി 400 ഫ്ലാറ്റുകളാണ് മുട്ടത്തറയിൽ ഒരുങ്ങുന്നത്.
കോമൺ യൂട്ടിലിറ്റി ഉൾപ്പെടെ 635 ചതുരശ്ര അടി വിസ്തീർണ്ണമാണ് ഓരോ യൂണിറ്റിനും ഉള്ളത്. 2 കിടപ്പ് മുറിയും, ഒരു ഹാളും, അടുക്കളയും, ശൗചാലയ സൗകര്യങ്ങളും ഉണ്ടാകും. 81 കോടി രൂപയാണ് പൂര്‍ണമായും സംസ്ഥാന സര്‍ക്കാര്‍ ചെലവിലൊരുങ്ങുന്ന പദ്ധതിക്കായി അനുവദിച്ചത്.
ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ നിർവ്വഹണ മേൽനോട്ടത്തില്‍ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. നിലവില്‍ 80% പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഈ വര്‍ഷം ഡിസംബറിനുള്ളില്‍ ഫ്ലാറ്റുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും. 2025 ഫെബ്രുവരിക്കുള്ളില്‍ അപ്പ്രോച്ച് റോഡ്, ഇന്റര്‍ലോക്ക് പാതകള്‍, സ്വീവേജ് സംവിധാനം, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവയും പൂര്‍ത്തീകരിച്ച് കൈമാറ്റത്തിന് സജ്ജമാകും. ഇതിനായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും യോഗം വിളിച്ചുചേര്‍ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. യോഗത്തില്‍ ഫിഷറീസ് ഡയറക്ടർ അബ്ദുള്‍ നാസർ ഐ.എ.എസ് , മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മനു സി പുളിക്കല്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത ആർ നായർ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞിമമ്മു പറവത്ത്, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റി എം ഡി ഷാജു എസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുത്തു.