വിതുര:നാടിന്റെ വികസനത്തിൽ കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ടെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് പറഞ്ഞു.
അരുവിക്കര നിയോജകമണ്ഡലത്തിലെ ആറ്റുമൺപുറം നീർത്തട പദ്ധതിയിൽ കൈവരിച്ച പൊതു ആസ്തി വിതുര ഗ്രാമപഞ്ചായത്തിന് കൈമാറുന്ന ചടങ്ങിൽ ഓൺലൈനായി സംസാരിക്കുകയായിരുന്നു മന്ത്രി.
വികസനം എന്നാൽ ജീവിതത്തിന്റെ അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നതെന്നും കർഷകർക്ക് കൃഷി ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകാൻ സർക്കാർ ബാധ്യസ്ഥമാണെന്നും മന്ത്രി പറഞ്ഞു.
നീർത്തട പദ്ധതികളിലൂടെ നൂറുകണക്കിന് കർഷകർക്കാണ് വിവിധങ്ങളായ സഹായങ്ങൾ ലഭിക്കുന്നത്. പദ്ധതികൾ സൗകര്യപ്രദമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഇതിന് കൃഷിഭൂമി അടിസ്ഥാനമാക്കിയുള്ള ആസൂത്രണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെയും ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും പങ്കാളിത്തത്തോടു കൂടിയുള്ള സമീപനമാണ് ഇത്തരം പദ്ധതികൾക്ക് ആവശ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മണലി വാർഡിലെ തണ്ണിപ്പെട്ടി ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു.
മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പ് ഗ്രാമീണ അടിസ്ഥാന സൗകര്യ വികസന ഫണ്ടിൽ ഉൾപ്പെടുത്തി നബാർഡിന്റെ ധനസഹായത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ആറ്റുമൺപുറം നീർത്തട പദ്ധതി. വിതുര ഗ്രാമ പഞ്ചായത്തിലെ മണലി, കല്ലാർ (ഭാഗികം) വാർഡുകളിലായി 281 ഹെക്ടർ പ്രദേശത്ത് 96.62 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മണലി വാർഡിലെ കലത്തോട്, തണ്ണിപ്പെട്ടി, കൊമ്പ്രാൻകല്ല്, പെരുംപാറയടി, മുരുക്കുംകാല, ആറ്റുമൺപുറം, വേങ്ങത്താര, കല്ലൻകുടി, തലതൂത്തക്കാവ്, ഇലവൻമൂട്, അല്ലത്താര, ചാരുപാറ, പെണ്ണങ്കപ്പാറ, പൊങ്ങൻമരുതുംമൂട്, ഇടിമുടങ്ങ്, ഇടമൺപുറം, കല്ലാർ വാർഡിലെ മൊട്ടമൂട്, മുല്ലമൂട് എന്നീ ഭാഗത്തുള്ള ഗോത്ര കുടിയേറ്റ പ്രദേശങ്ങളിലുള്ള മണ്ണ് ജല സംരക്ഷണവും ജൈവ സമ്പത്തിന്റെ പരിപാലനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കാർഷിക ഭൂമിയിലെ മണ്ണ് ജല സംരക്ഷണ പ്രവൃത്തികളായ കല്ല് കയ്യാല, ജൈവവേലി, റബ്ബർ തടം, കുടിവെള്ളത്തിനും കൃഷിയ്ക്കും വേണ്ടിയുള്ള കിണർ നിർമാണം എന്നിവ പദ്ധതിയുടെ ഭാഗമായി പൂർത്തീകരിച്ചിട്ടുണ്ട്. കൂടാതെ പദ്ധതി പ്രദേശത്തെ നീർച്ചാലുകളുടെ സംരക്ഷണത്തിനായി സംരക്ഷണഭിത്തി, തടയണ, കാട്ടുകല്ല് ഉപയോഗിച്ചുള്ള പാർശ്വഭിത്തി, നടപ്പാലം എന്നിവയും നിർമിച്ചിട്ടുണ്ട്.
പ്രദേശത്ത് മണ്ണ് ജല സംരക്ഷണ പ്രവൃത്തികൾ നടപ്പാക്കിയതിലൂടെ കാർഷികാഭിവൃദ്ധി കൈവരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിനും കഴിഞ്ഞു. പദ്ധതി പ്രദേശത്തെ 199 ഗുണഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിച്ചത്. പദ്ധതിയിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിച്ചത് പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനും സാമ്പത്തികാഭിവൃദ്ധി കൈവരിക്കുന്നതിനും സാഹായകരമായി.