തിരുവനന്തപുരം:വനമേഖലയിലെ ജനങ്ങളുടെ പ്രശ്‌നങ്ങളോട് സർക്കാരിന് നിഷേധാത്മക നിലപാടില്ലെന്നും ശാശ്വത പ്രതിരോധപ്രവർത്തനങ്ങൾ നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള പ്രദേശങ്ങളിൽ മനുഷ്യ-വന്യജീവിസംഘർഷങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായി പോട്ടോമാവ് ആദിവാസി നഗറിൽ ആനപ്രതിരോധ കിടങ്ങുകളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണം തടയുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ തരത്തിലുള്ള പ്രതിരോധ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഘട്ടം ഘട്ടമായി മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകുവെന്നും വന്യമൃഗങ്ങൾ കാടിറങ്ങുന്നത് ഒഴിവാക്കുന്നതിനായി കാടിനുള്ളിൽ ജലലഭ്യതയും ഭക്ഷണവും ഉറപ്പു വരുത്തുന്നതിന് ചെറുകുളങ്ങൾ നിർമ്മിക്കുമെന്നും ഫലവൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഫോറസ്റ്റ് ഉദ്യോഗസ്ഥർ മലയോരമേഖലയിലെ ജനങ്ങളുമായി സഹകരണമനോഭാവത്തോടെ പ്രവർത്തിക്കണമെന്നും വനമേഖലയിലെ പഞ്ചായത്തുകളുമായി കൂടിയാലോചിച്ച് പ്രതിരോധപദ്ധതികൾക്ക് അന്തിമം രൂപം നൽകാനാണ് വകുപ്പിന്റെ ശ്രമമെന്നും മന്ത്രി അറിയിച്ചു. ഇത്തരത്തിൽ 241 മലയോര പഞ്ചായത്തുകളിൽ കൂടിയാലോചനകൾക്കുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ശാസ്ത്രീയവും ആസൂത്രിതവുമായ പ്രവർത്തനങ്ങളോടെ വന്യജീവി ആക്രമണ ഭീതിയില്ലാതെ ജീവിക്കാൻ മലയോര കർഷകർക്ക് സൗകര്യമൊരുക്കുമെന്നും സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കുമ്പോൾ വന്യജീവി ആക്രമണ മരണങ്ങളില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും വനം മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള ഒൻപത് പ്രദേശങ്ങളിൽ നബാർഡിന്റെ ധനസഹായത്തോടെ 2.77 കോടി രൂപ ചെലവഴിച്ച് 15.5 കിലോമീറ്റർ ദൂരത്തിലാണ് ആനപ്രതിരോധ കിടങ്ങുകൾ നിർമിക്കുന്നത്. മലയോരമേഖലകളായ കുളത്തൂപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ വനാതിർത്തി പങ്കിടുന്ന സ്ഥലങ്ങളിലും ആദിവാസി ഉന്നതികളിലുമാണ് കിടങ്ങുകൾ നിർമിക്കുന്നത്.
അരിപ്പ സംസ്ഥാന വനം പരിശീലന കേന്ദ്രത്തിൽ നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ ഡി.കെ മുരളി എം.എൽ.എ അധ്യക്ഷനായിരുന്നു. വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, പെരിങ്ങമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക സി.പി, ജില്ലാ പഞ്ചായത്തംഗം സോഫി തോമസ്, ദക്ഷിണമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ.ആർ കമലാഹർ, വനം പരിശീലനകേന്ദ്രം ഡയറക്ടർ ഡോണി. ജി. വർഗീസ് എന്നിവരും പങ്കെടുത്തു.