വിതുര: കാട്ടുപന്നി ആക്രമണത്തിൽ ജ്യേഷ്ഠൻ ഓടിച്ച ബൈക്കിൽ നിന്നു വീണ് അനുജൻ മരിച്ചു.
തൊളിക്കോട് വെട്ടയിൽ പാമ്പാടിയിൽ ഷാജി- ഷർമ്മിള ദമ്പതികളുടെ മകൻ ഷെബിൻഷാജി(22) ആണ് മരിച്ചത്.
ഷെബിൻ ഷാജിയുടെ മൂത്ത സഹോദരൻ ഷെഹിൻഷാ (24) പരിക്കുകളോടെ രക്ഷപെട്ടു. വിതുര പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്ലാന്തോട്ടം മേഖലയിൽ ബുധനാഴ്ച രാത്രി 8ഓടെയാണ് അപകടം.
പാഞ്ഞെത്തിയ കാട്ടുപന്നി ഷെഹിൻഷ ഓടിച്ചിരുന്ന ബൈക്ക് കുത്തിമറിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും ഇരുവരും റോഡിൽ തലയിടിച്ചു വീണു. ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ ഇരുവരെയും വിതുര ഗവൺമെന്റ് കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ ഷെബിൻ ഷാജി മരിച്ചു.