തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ.
നഗരസഭാ പാളയം സർക്കിളിലെ ആരോഗ്യ വിഭാഗം ജീവനക്കാരൻ ദീപു(27) വിനെ മർദ്ദിച്ചതിന് ചെമ്പഴന്തി സ്വദേശി ശ്യാം നാഥിനെയാണ്(31) മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം.
ബേക്കറി ജംഗ്ഷൻ ആർ.ബി.ഐയ്ക്ക് സമീപം ആമയിഴഞ്ചാൻ തോട്ടിൽ ഓട്ടോയിലെത്തി മാലിന്യം വലിച്ചെറിയാൻ ശ്രമിച്ചതിന് ശ്യാമിനെയും സുഹൃത്തിനെയും ചോദ്യംചെയ്തതിനാണ് ദീപുവിനെ ഇരുവരും ചേർന്ന് മർദ്ദിച്ചത്. ശേഷം പ്രതികൾ ഓട്ടോയുമായി കടന്നുകളഞ്ഞു. ഈ ഓട്ടോ പിന്നീട് രാജാജി നഗറിൽ നിന്ന് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ശ്യാമിന്റെ ഭാര്യവീട് രാജാജി നഗറിലാണ്. മൂക്കിന് സാരമായി പരിക്കേറ്റ ദീപുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്യാമിനൊപ്പമുണ്ടായിരുന്ന ആളെ അന്വേഷിക്കുന്നതായി മ്യൂസിയം പൊലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.