വേറ്റിനാട് :ഗാന്ധിജയന്തി ദിനത്തിൽ നെടുമങ്ങാട് മണ്ഡലത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് പുതിയ ബസ് സർവീസ് തുടങ്ങി. വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്ന് കിഴക്കേക്കോട്ടയിലേക്കുള്ള പുതിയ ബസ് സർവീസ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ ഫ്ലാഗ് ഓഫ് ചെയ്തു.
സാമൂഹിക നന്മയുണ്ടാകുന്ന പ്രവർത്തനങ്ങളിൽ എല്ലാ ജനങ്ങളും പങ്കാളികളാകണമെന്ന് മന്ത്രി പറഞ്ഞു. ഈ പ്രദേശത്തെ ജനങ്ങളുടെ ദീർഘനാളത്തെ യാത്ര ക്ലേശത്തിനാണ് പരിഹാരമായിരിക്കുന്നതെന്നും മണ്ഡലത്തിലെ മറ്റു പ്രദേശങ്ങളിലേക്കും കെഎസ്ആർടിസിക്ക് നഷ്ടമുണ്ടാകാത്ത തരത്തിൽ സർവീസ് ആരംഭിക്കുന്നതിന് സഹകരിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പേരൂർക്കട ബസ് ഡിപ്പോയിൽ നിന്നുള്ള സ്വിഫ്റ്റ് ബസ് രാവിലെ 7 മണിക്ക് കിഴക്കേകോട്ടയിൽ നിന്ന് പട്ടം – നാലാഞ്ചിറ – മണ്ണന്തല – വട്ടപ്പാറ – കണക്കോട് വഴി വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപത്തിലേക്കും, 7. 50ന് തിരികെ കിഴക്കേകോട്ടയിലേക്കും സർവീസ് നടത്തും.
വൈകിട്ട് നാലുമണിക്ക് കിഴക്കേകോട്ടയിൽ നിന്നും ഗാന്ധി സ്മാരക മണ്ഡപത്തിലേക്കും വൈകിട്ട് 5 മണിക്ക് ഗാന്ധി സ്മാരക മണ്ഡപത്തിൽ നിന്ന് കിഴക്കേകോട്ടയിലേക്കുമാണ് സർവീസ്.
വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ ഫ്ലാഗ് ഓഫ് ചടങ്ങിൽ സന്നിഹിതയായിരുന്നു.