തിരുവനന്തപുരം:നവംബർ 15 മുതൽ 24 വരെ നടക്കുന്ന വെട്ടുകാട് വാർഷിക തിരുനാൾ സുഗമമായി നടത്തുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയ തിരുനാളിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.
ഗവ. സെക്രട്ടേറിയറ്റ് അനക്സ് രണ്ടിലെ ലയം ഹാളിൽ നടന്ന യോഗത്തിൽ ഭക്ഷ്യപൊതുവിതരണ മന്ത്രി ജി. ആർ. അനിൽ, ആന്റണിരാജു എം. എൽ. എ, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
തിരുനാൾ സുരക്ഷിതമായി നടത്തുന്നതിന് പൊലീസ് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു. കോസ്റ്റൽ പോലീസിന്റെ സേവനവും ഉറപ്പുവരുത്തും. പൊലീസ്, എക്സൈസ്, തദ്ദേശസ്ഥാപനം എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിൽപനയും ഉപയോഗവും തടയുന്നതിന് പരിശോധന നേരത്തെ ആരംഭിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തും. കുടിവെള്ളം മുടങ്ങാതെ ലഭിക്കുന്നതിന് വേണ്ട നടപടി വാട്ടർ അതോറിറ്റി സ്വീകരിക്കും. മൊബൈൽ ഇ ടോയ്‌ലറ്റുകൾ സജ്ജീകരിക്കും. ലൈഫ് ഗാർഡുകളുടെ സേവനവും ഉറപ്പാക്കും. കെ. എസ്. ആർ. ടി. സി തീർത്ഥാടന ദിവസങ്ങളിൽ 20 സ്പെഷ്യൽ സർവീസുകൾ നടത്തും.
കെ. എസ്. ഇ. ബി 24 മണിക്കൂർ വൈദ്യുതി ഉറപ്പാക്കും. വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന് നഗരസഭയുമായി ചേർന്ന് പ്രവർത്തിക്കും. ആരോഗ്യ വകുപ്പിന്റെ പ്രത്യേക ടീം ഇവിടെ പ്രവർത്തിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് സമയബന്ധിതമായി പൂർത്തിയാക്കും.
ജില്ല പൊലീസ് മേധാവി ജി. സ്പർജൻ കുമാർ, കൗൺസിലർമാർ, വെട്ടുകാട് പള്ളി വികാരി ഫാദർ എഡിസൺ, പള്ളിക്കമ്മിറ്റി ഭാരവാഹികൾ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.