കാട്ടാക്കട: പ്രകൃതി ദുരന്തങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രകൃതിയെയും മനുഷ്യരെയും ഒരുപോലെ ചേർത്തു നിർത്തുന്ന തരം വികസനപ്രവർത്തനങ്ങളാണ് നാടിന് ആവശ്യം എന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ.
നിർമാണം പൂർത്തിയാക്കിയ കോട്ടൂരിലെ ആന പുനരധിവാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനകളുടെ പുനരധിവാസത്തിന് ഇത്തരത്തിൽ ഒരു ആശയം മറ്റെവിടെയും നടപ്പാക്കപ്പെട്ടിട്ടില്ല. പ്രകൃതി സംരക്ഷണത്തിന്റെ ദ്വിമുഖ ദൗത്യമാണ് കാപ്പുകാട് പദ്ധതിയിലൂടെ നടപ്പാവുന്നത്. ഇവിടത്തെ വനാശ്രിത സമൂഹമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ എന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പദ്ധതിയുടെ ഭാഗമായി ഈ പ്രദേശത്തേക്ക് 25 വർഷത്തെ ഗ്യാരണ്ടിയിൽ 1.7 കിലോമീറ്റർ കോൺക്രീറ്റ് റോഡ് നിർമിച്ചിട്ടുണ്ട്.
ഇത്തരത്തിൽ വനാശ്രിത സമൂഹത്തെയും വനാതിർത്തിയിൽ താമസിക്കുന്ന ജനവിഭാഗങ്ങളെയും ചേർത്തു നിർത്തുന്ന പദ്ധതികൾ നടപ്പാക്കുക എന്നത് രണ്ടാം പിണറായി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് എന്നും മന്ത്രി അറിയിച്ചു.
176 ഹെക്ടറിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. 50 ആനകളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ, കുട്ടിയാനകൾക്കുള്ള പ്രത്യേക പരിചരണ കേന്ദ്രം, വെറ്റിനറി ആശുപത്രി, സന്ദർശകർക്കായി പാർക്കിംഗ്, കഫെറ്റീരിയ, ആനയൂട്ട് ഗ്യാലറി, ലോകത്തിലെ ആദ്യത്തെ ആന മ്യൂസിയം, പഠന ഗവേഷണ പരിശീലന കേന്ദ്രം എന്നിവയും ഉൾക്കൊള്ളുന്നതാണ് പദ്ധതി.
വിവിധ വകുപ്പുകളുടെയും പ്രദേശത്തെ ജനങ്ങളുടെയും സഹകരണം പദ്ധതിക്ക് ലഭിച്ചു. ഒരു നാടിന്റെ ആകെ ഒരുമയുടെ നേട്ടമാണ് പദ്ധതിയുടെ പൂർത്തീകരണം എന്നും മന്ത്രി പറഞ്ഞു.
105 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പദ്ധതി കോട്ടൂരിനെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കുകയും വനാശ്രിത സമൂഹത്തിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് എന്ന് അരുവിക്കര എംഎൽഎ ജെ സ്റ്റീഫൻ പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കിയ പദ്ധതി ടൂറിസ്റ്റുകൾക്ക് ആസ്വദിക്കാൻ കഴിയുന്ന ഒരു പ്രധാന ആകർഷണ കേന്ദ്രമായി മാറിയെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ അഭിപ്രായപ്പെട്ടു.
സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയുടെ ഭാഗമായാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. എംഎൽഎ ജെ സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ എംഎൽഎ സി കെ ഹരീന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ഡി സുരേഷ്‌കുമാർ, വനം വകുപ്പ് മേധാവി ഗംഗാസിംഗ് ഐഎഫ്എസ്, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ, പ്രദേശത്തെ ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാർ, പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.