പൂവച്ചൽ :പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനായി ജന്മനാട്ടിൽ സ്മാരക പാർക്ക് ഒരുങ്ങുന്നു.
പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ നക്രാംചിറ പൊതുകുളത്തിന് ചുറ്റുമുള്ള പ്രദേശത്ത് നിർമിക്കുന്ന പാർക്കിന്റെ നിർമാണോദ്ഘാടനം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു.
പൂവച്ചൽ ഖാദർ എന്ന പ്രതിഭയ്ക്ക് സമൂഹം നൽകുന്ന വലിയൊരു ആദരവാണ് പൂവച്ചൽ ഖാദർ സ്മാരക പാർക്ക് എന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. അക്ഷരങ്ങളുടെ ആർദ്രത കൊണ്ട് മലയാളഗാനരംഗത്ത് ഒരു പുതുവസന്തം സൃഷ്ടിച്ച പാട്ടെഴുത്തുകാരൻ ആയിരുന്നു അദ്ദേഹമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രദേശത്തെ പൊതുജനങ്ങളുടെയും കലാ സാംസ്‌കാരിക പ്രവർത്തകരുടെയും നിരന്തരമായ ആവശ്യത്തെ തുടർന്നാണ് നക്രാംചിറയിൽ സ്മാരക പാർക്ക് നിർമിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ 2023-24 പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും പൂവച്ചൽ പഞ്ചായത്തിന്റെ വിഹിതമായ 35 ലക്ഷം രൂപയും ചേർത്ത് 85 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിലുള്ളത്.
കുളത്തിനോട് ചേർന്നും കുളത്തിന് മുകളിലുമായി രണ്ട് നിര നടപ്പാതകളുടെ ഇന്റർലോക്കിങ്, പദ്ധതി പ്രദേശത്തിന് ചുറ്റും കോമ്പൗണ്ട് മതിൽ, പൊതു സുരക്ഷയ്ക്കായി കുളത്തിന് ചുറ്റും ഹാൻഡ്റെയിൽ, പ്രവേശന ഗോപുരം എന്നിവയാണ് ആദ്യഘട്ടത്തിലുള്ളത്.
രണ്ടാം ഘട്ടത്തിൽ പൂവച്ചൽ ഖാദർ സ്മാരക സാംസ്‌കാരിക നിലയം, പൂന്തോട്ടം, ഓപ്പൺ ജിം, ഓപ്പൺ ഓഡിറ്റോറിയം, ചിൽഡ്രൻസ് പാർക്ക്, വിളക്കുകൾ ഘടിപ്പിച്ച വാട്ടർ ഫൗണ്ടൻ എന്നിവ ഉൾപ്പെടുന്നു. പാർക്കിലെത്തുന്നവർക്ക് പൂവച്ചൽ ഖാദറിന്റെ മനോഹരമായ ഗാനങ്ങൾ ആസ്വദിക്കുന്നതിനും സൗകര്യമുണ്ടായിരിക്കും. വിവിധ സ്ഥലങ്ങളിൽ ഇരിപ്പിടങ്ങൾ, ടോയ്ലറ്റുകൾ, സെൽഫി കോർണറുകൾ എന്നിവയും പദ്ധതിയിൽ വിഭാവനം ചെയ്തിട്ടുണ്ട്.
പൂവച്ചൽ മിനി നഗറിൽ നടന്ന പരിപാടിയിൽ ജി.സ്റ്റീഫൻ എം.എൽ.എ അധ്യക്ഷനായിരുന്നു. അടൂർ പ്രകാശ് എം.പി മുഖ്യാതിഥി ആയിരുന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ എസ്, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ, ജില്ലാ പഞ്ചായത്തംഗം വി.രാധിക ടീച്ചർ എന്നിവരും പങ്കെടുത്തു.