തിരുവനന്തപുരം: ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധന കാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷന്റെ കീഴിൽ യു.എ.ഇ യിലേക്കുള്ള ഇന്ത്യൻ ട്രേഡ് കമ്മീഷണർ ആയി പ്രമുഖ അഭിഭാഷകനും സംരംഭകനും ആയ അഡ്വക്കേറ്റ് സുധീർ ബാബു നിയമിതനായി.
IETO യുടെ കീഴിൽ വരുന്ന ഇന്ത്യ ജി.സി.സി ട്രേഡ് കൗൺസിലിന്റെ ഭാഗമായിട്ടാണ് ഈ സ്ഥാനത്തിന്റെ പ്രവർത്തന മേഖല. ഇന്ത്യക്കും വിവിധ രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക നയതന്ത്രജ്ഞത പ്രോത്സാഹിപ്പിക്കുന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ട്രേഡ് ഓർഗനൈസേഷൻ ആണ് IETO.
ഇന്ത്യയും യു.എ.ഇ യും തമ്മിൽ സാമ്പത്തിക വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഒപ്പു വയ്ക്കപ്പെട്ട CEPA എന്ന കരാർ ലക്ഷ്യമിടുന്നതുപോലെ 2030 ഓടെ പ്രതിവർഷം പതിനായിരം കോടി ഡോളർ ഉഭയ കക്ഷി വ്യാപാരം നേടിയെടുക്കുക എന്ന പ്രതിജ്ഞാബദ്ധത പരിപോഷിപ്പിക്കൽ ഇന്ത്യയുടെ യു.എ.ഇ യിലേക്കുള്ള ട്രേഡ് കമ്മീഷണറുടെ പ്രവർത്തന ലക്ഷ്യങ്ങളിൽ ഒന്നാണ്. പരസ്പര വ്യാപാര വാണിജ്യ പ്രവർത്തനങ്ങൾക്ക് പുറമെ ടൂറിസം, വിദ്യാഭ്യാസം, IT, SME മേഖലയുടെ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ പ്രോത്സാഹനാത്മകമായ നടപടികൾ കൊണ്ടുവരുന്നതും അഡ്വക്കേറ്റ് സുധീർ ബാബുവിന്റെ പരിഗണനാ പട്ടികയിൽ ഉൾപ്പെടുന്നു. Make in India യുടെ പാതയിൽ Make in Emirates പദ്ധതിയും പരസ്പരം ഏകോപിപ്പിക്കും.
ദുബായിൽ ഒക്ടോബർ 16 നു വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ അഡ്വക്കേറ്റ് സുധീർ ബാബു, ഇതുമായി ബന്ധപ്പെട്ട തന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു.
“ഇന്ത്യയ്ക്കും യു.എ.ഇ യിയ്ക്കുമിടയിലുള്ള വാണിജ്യ വ്യാപാര ബന്ധങ്ങൾ ത്വരിതപ്പെടുത്താൻ ചാലക ശക്തിയായി ദുബായ് കേന്ദ്രമാക്കി ഒരു ഓഫീസ് സ്‌ഥാപിച്ച് സ്റ്റാഫിനെ നിയമിച്ച് അടിയന്തിരമായി പ്രവർത്തന രേഖ രൂപീകരിക്കലാണ് എന്റെ ആദ്യത്തെ പരിപാടി. തുടർന്ന് ഇരു രാജ്യങ്ങളിലെയും വ്യാപാര സംഘങ്ങളുടെ പരസ്പര സന്ദർശനം, വിദ്യാഭ്യാസം, ടൂറിസം, IT, കൃഷി, നിയമം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിലെ മാർക്കറ്റ് റിസർച്ച്, അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായുള്ള പരസ്പര സഹകരണം ഉറപ്പാക്കൽ, മനുഷ്യ വിഭവ ശേഷിയുടെ ഫലപ്രദമായ ഉപയോഗപ്പെടുത്തൽ, കുറഞ്ഞ ചിലവിൽ താമസ സൗകര്യം ഉറപ്പാക്കാൻ വേണ്ടിയുള്ള ഇടപെടൽ, ടൂറിസം യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കാൻ വേണ്ടിയുള്ള നടപടി ക്രമങ്ങൾ എന്നിങ്ങനെ എണ്ണ ഇതര സാമ്പത്തിക സ്രോതസ്സുകൾക്കു ഊർജം പകരലും എന്റെ അജണ്ടയുടെ ഭാഗമാണ്.
ഇന്ത്യൻ ചികിത്സാ സംവിധാനമായ ആയുർവേദത്തിന്റെ സമ്പൂർണ വ്യാപനവും ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ യു.എ.ഇ യിൽ കഴിയുന്ന ഇന്ത്യക്കാരുടെ മക്കൾക്കും ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കും”.
ഔപചാരികമായി വിപുലമായ ഒരു സമ്മേളനം IETO യുടെ ഉന്നത ഭാരവാഹികളുടെ സാന്നിധ്യത്തിൽ അറബ് പ്രമുഖരെയും ഉൾപ്പെടുത്തിക്കൊണ്ട് യു.എ.ഇ യിൽ ഉടൻ തന്നെ സംഘടിപ്പിക്കുമെന്ന് അഡ്വക്കേറ്റ് സുധീർ ബാബു പറഞ്ഞു.
മലപ്പുറം കുറ്റിപ്പുറം സ്വദേശിയായ അഡ്വക്കേറ്റ് സുധീർ ബാബു കക്കട്ടിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിലധികമായി യു.എ.ഇ യിൽ നിയമ സേവന രംഗത്ത് സജീവ സന്നിധ്യമാണ്.