വിഴിഞ്ഞം: വിഴിഞ്ഞം കടലിൽ ആനക്കാൽ എന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം.
കടലിൽ രൂപ്പപ്പെട്ട കുഴൽരൂപത്തിലുളള പ്രതിഭാസം കണ്ട് ചുഴലിക്കൊടുങ്കാറ്റെന്ന് തെറ്റിദ്ധരിച്ച് മത്സ്യത്തൊഴിലാളികൾ ഭയപ്പാടിലായി.
ബുധനാഴ്ച വൈകിട്ട് 4.50 -ഓടെയാണ് തീരത്ത് നിന്ന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ അകലെ നാട്ടുകാർ ആനക്കാൽ എന്നുവിളിക്കുന്ന വാട്ടർ സ്പൗട്ട് പ്രതിഭാസം രൂപപ്പെട്ടത്.
ജലോപരിതലത്തിൽ നിന്ന് ആകാശത്തേക്ക് നീണ്ട കുഴൽപോലെയും തൊട്ടുമുകളിൽ കുമിളിന്റെ മുകൾഭാഗംപോലുളള മേഘവും കൂടിച്ചേർന്നുളള രൂപത്തിലാണ് വാട്ടർ സ്പൗട്ട് പ്രത്യക്ഷമായത്.
25 മിനിട്ടോളം നിലനിന്നശേഷം വെളളത്തിന് മുകളിൽ ആവിപോലെ സഞ്ചരിച്ച് കാണാതായെന്നും മീൻപിടിത്ത തൊഴിലാളികൾ പറഞ്ഞു. തുടർന്ന് ഒരുമണിക്കൂറോളം ശക്തമായ മഴയുമുണ്ടായി. വിഴിഞ്ഞം കടലിൽ തീരക്കടൽ ചേർന്ന് ആദ്യമായിട്ടാണ് തങ്ങൾ ആനക്കാൽ കാണുന്നതെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.