തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു.
ഇന്നലെ പ്രാബല്യത്തിൽ വന്ന ഷെഡ്യൂൾ 2025 മാർച്ച് 25 വരെ തുടരും.പ്രതിവാര രാജ്യാന്തര സർവീസുകൾ 302ൽ നിന്ന് 314 ആകും.
ജസീറ കുവൈത്തിലേക്ക് ആഴ്ചയിൽ 2 സർവീസ് ആരംഭിക്കും.പ്രതിവാര രാജ്യാന്തര സർവീസുകൾ: അബുദാബി–74, ഷാർജ– 56, ദുബായ്– 28, മസ്കത്ത്–28, ക്വാലലംപുർ– 22, ദോഹ– 20, ബഹ്റൈൻ– 18, സിംഗപ്പൂർ– 14, മാലി– 16, ദമാം– 14, കുവൈത്ത്– 10, കൊളംബോ– 8, ഹാനിമാധു – 4, റിയാദ്– 2. സമീപകാലത്ത് ആരംഭിച്ച റിയാദ് സർവീസിനു മികച്ച പ്രതികരണമാണു ലഭിക്കുന്നത്. റിയാദ് സർവീസ് കൂട്ടുന്നതും പരിഗണനയിലുണ്ട്.
പ്രതിവാര ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം 400ൽ നിന്നു 446 ആകും. ഇൻഡിഗോ പുണെ സർവീസിനു പുറമേ അഹമ്മദാബാദ് സർവീസും ആരംഭിക്കും.
മംഗളൂരു, ലക്നൗ എന്നിവിടങ്ങളിലേക്കു വൺ സ്റ്റോപ് സർവീസുകൾ വരും. ബെംഗളൂരു, കണ്ണൂർ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും.
പ്രതിവാര ആഭ്യന്തര സർവീസുകൾ– ബെംഗളൂരു– 156, ചെന്നൈ– 86, ഡൽഹി– 56, ഹൈദരാബാദ്– 56, മുംബൈ– 42, കണ്ണൂർ– 14, കൊച്ചി– 14, പുണെ– 14, അഹമ്മദാബാദ്– 8. വേനൽക്കാല ഷെഡ്യൂളിനെക്കാൾ 8.2 % സർവീസുകളുടെ വർധനയാണു ശീതകാല ഷെഡ്യൂളിലുള്ളത്.