കാര്യവട്ടം:പട്ടികവർഗ വികസന വകുപ്പ് സംഘടിപ്പിച്ച കളിക്കളം – 2024 സമാപിക്കുമ്പോൾ അതിജീവനത്തിന്റെ കരുത്ത് തെളിയിച്ചിരിക്കുകയാണ് വയനാട്.
മത്സരത്തിനെത്തിയ മറ്റു 12 ജില്ലകളെയും പിന്നിലാക്കി ഓരോ ദിനവും ബഹുദൂരം മുന്നേറിയാണ് വയനാട് ജില്ലാ മുന്നിലെത്തിയിരിക്കുന്നത്.
445 പോയിന്റുകളുമായാണ് വയനാട് ഒന്നമത്തെത്തിയത്. രണ്ടാം സ്ഥാനത്ത് 125 പോയിന്റുകളുമായി മേളയ്ക്ക് ആതിഥേയത്വം വഹിച്ച തിരുവനന്തപുരവും മൂന്നാം സ്ഥാനത്ത് 100 പോയിന്റുകളുമായി കണ്ണൂരുമാണ്.
131 പോയിന്റുകൾ നേടി കണിയാമ്പറ്റ എം ആർ എസ് ചാമ്പ്യൻമാരായി. 100 പോയിന്റുമായി കണ്ണൂർ എം ആർ എസ് റണ്ണർ അപ്പാണ്. വ്യക്തിഗത ചാമ്പ്യന്‍മാരായി ടി ഡി ഒ മാനന്തവാടിയിലെ രഞ്ജിത കെ ആർ, കുളത്തുപ്പുഴ എം ആർ എസിലെ കൃഷ്ണനുണ്ണി എസ്, കണ്ണൂർ എം ആർ എസിലെ വിജിത കെ ബി, തിരുനെല്ലി ആശ്രം എം ആർ എസിലെ റിനീഷ് മോഹൻ, കണിയാമ്പറ്റ എം ആർ എസിലെ അനശ്വര, എം ആർ എസ് കണ്ണൂരിലെ രാഗേഷ് എ സി എന്നിവരെ തിരഞ്ഞെടുത്തു.
വേഗതയേറിയ കായികതാരങ്ങളായി കിഡ്ഡീസ് വിഭാഗത്തിൽ കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അമൃത എസിനെയും തിരുനെല്ലി ആശ്രം മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ അഖിലാഷ് ആർ ആറിനെയും സബ് ജൂനിയര്‍ വിഭാഗത്തില്‍ ഇന്റഗ്രേറ്റഡ് ട്രൈബൽ ഡെവലപ്പ്മെന്റ് പ്രൊജക്റ്റ് ഓഫീസ് കൽപ്പറ്റയിലെ ശ്രീബാലയെയും ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസ് മാനന്തവാടിയിലെ നിധീഷ് ആറിനെയും ജൂനിയർ വിഭാഗത്തില്‍ കരിന്തളം ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ സുബിത ബാബു എമ്മിനെയും കുളത്തുപ്പുഴ എം ആർ എസ്സിലെ കൃഷ്ണനുണ്ണി എസിനെയും സീനിയര്‍ വിഭാഗത്തില്‍ കണിയാമ്പറ്റ എം ആർ എസിലെ ലയ കൃഷ്ണനെയും ഞാറനീലി ഡോ അംബേദ്‌കർ വിദ്യാനികേതൻ സി ബി ആസ് ഇ എം ആർ എസിലെ രാഹുൽ ആർ എന്നിവരെ തിരഞ്ഞെടുത്തു.
ചാലക്കുടി എം ആർ എസിലെ വൈഗ എം എൻ, നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ ആശ്രം സ്കൂളിലെ ജിതുൽ എ എന്നിവരാണ് വേഗതയേറിയ നീന്തല്‍ താരങ്ങള്‍. കട്ടേല ഡോ അംബേദ്‌കർ എം ആർ എസിലെ അപർണ എസ്, കണ്ണൂർ എം ആർ എസിലെ രാഗേഷ് എ സി എന്നിവരാണ് മറ്റ് മികച്ച നീന്തല്‍ താരങ്ങള്‍. മികച്ച അർച്ചറായി പൂക്കോട് ഏകലവ്യ എം ആർ എസിലെ കീർത്തന സി കെ, ഞാറനീലി ഡോ അംബേദ്‌കർ വിദ്യാനികേതൻ സി ബി എസ് ഇ എം ആർ എസിലെ രാജീഷ് കെ ആർ, പൂക്കോട് ഏകലവ്യ എം ആർ എസിലെ പ്രജിഷ്ണ എം പി, പൂക്കോട് ഏകലവ്യ എം ആർ എസിലെ അജിൽ ജയൻ എന്നിവരെ തിരഞ്ഞെടുത്തു.