തിരുവനന്തപുരം : വ്യാജ കറൻസി ട്രേഡിങ് വെബ്‌സൈറ്റ് തട്ടിപ്പിൽ കുടുങ്ങി ഐ.ടി. ജീവനക്കാരന് രണ്ടേകാൽ കോടി രൂപ നഷ്ടമായി.
ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്ന കഴക്കൂട്ടം സ്വദേശിയെയാണ് സാമൂഹികമാധ്യമം വഴി ബന്ധപ്പെട്ട് തട്ടിപ്പിനിരയാക്കിയത്.
വ്യാജ വെബ്സൈറ്റിൽ ലോഗിൻ ചെയ്യിച്ച ശേഷം പല രാജ്യങ്ങളുടെ കറൻസി വിനിമയംചെയ്യുന്നതായി തെറ്റിദ്ധരിപ്പിച്ച് വിവിധ പേരിലുള്ള അക്കൗണ്ടുകളിലേക്ക് ലക്ഷക്കണക്കിനു രൂപ നിക്ഷേപം നടത്തിച്ചു.
രൂപയിൽ നിക്ഷേപിച്ച പണം ഡോളറാക്കി വിവിധ രാജ്യങ്ങളുടെ കറൻസിയാക്കി ലാഭമുണ്ടാക്കിയെന്നു തെറ്റിധരിപ്പിച്ചു. പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ, ലാഭത്തിന്റെ 30 ശതമാനം തുക നികുതിയായി വീണ്ടും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഒരു മാസംകൊണ്ടാണ് 2.25 കോടിയിലധികം രൂപ നഷ്ടമായത്.
കഴിഞ്ഞ ദിവസം പട്ടം സ്വദേശിയായ മുൻ പ്രവാസിക്ക് ആറ് കോടിയോളം രൂപ നഷ്ടപ്പെട്ടിരുന്നു.