തിരുവനന്തപുരം:ഏതെല്ലാം ഭാഷകളിൽ മികവ് പുലർത്തിയാലും മാതൃഭാഷയെ മറക്കരുതെന്നും ഭാഷയെ ഇല്ലാതാക്കുന്ന തലമുറയായി നമ്മൾ മാറരുതെന്നും തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി.
ഭരണഭാഷാവാരാഘോഷത്തോടനുബന്ധിച്ച് കേരളപിറവി ദിനത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
മാതൃഭാഷ സംസാരിക്കുന്നതിലും ഭാഷയിൽ ജീവിക്കുന്നതിലും അഭിമാനം തുടിക്കണം. നമ്മുടെ വികാരങ്ങളും ചിന്തകളുമെല്ലാം മാതൃഭാഷയിലാണ്. ഭാഷയുടെ അമൂല്യവശങ്ങളും സംസ്ക്കാരവും കാത്തുസൂക്ഷിക്കണമെന്നും കളക്ടർ പറഞ്ഞു.
പ്രശസ്ത സാഹിത്യകാരനും മാധ്യമപ്രവർത്തകനുമായ സി അനൂപ് ചടങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി. നമ്മുടെ ഭാഷയും സംസ്ക്കാരത്തിന്റെ മഹിമയും പരിപോഷിപ്പിക്കുന്നതിന് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം പറഞ്ഞു.
കേരളപ്പിറവി ദിനാചരണവും ഭരണഭാഷാ വാരാഘോഷവും ഒരു ഓർമ്മപ്പെടുത്തലാണ്. മറ്റ് സംസ്ഥാനങ്ങളിലുള്ളവർ തങ്ങളുടെ ഭാഷയ്ക്കും സംസ്ക്കാരത്തിനും നൽകുന്ന കരുതൽ പ്രശംസനീയമാണ്. മറ്റ് രാജ്യങ്ങളിലേക്ക് പഠിക്കാനും ജോലിക്കായും ചേക്കേറുന്ന കുട്ടികൾ തിരിച്ചുവരാൻ മടിക്കുന്നതായും സ്വന്തം ഭാഷയെയും നാടിനെയും മറക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങളിൽ മാതൃഭാഷാ പ്രതിജ്ഞയും ചൊല്ലി. നവംബർ ഒന്ന് മുതൽ 7 വരെയാണ് ഭരണഭാഷാവാരാഘോഷം. ഇതിനോടനുബന്ധിച്ച് സിവിൽ സ്റ്റേഷൻ ജീവനക്കാർക്കായി മലയാള ഭാഷാശുദ്ധിയും പ്രാവീണ്യവും അളക്കുന്ന വിവിധ മത്സരങ്ങൾ നടത്തും. കേട്ടെഴുത്ത്, വായനാമത്സരം തുടങ്ങിയ പരിപാടികളും സംഘടിപ്പിക്കും.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അജയകുമാർ റ്റി എം അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബിൻസിലാൽ ജി സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫിനാൻസ് ഓഫീസർ ശ്രീലത എൽ, കളക്ട്രേറ്റിലെ ഹുസൂർ ശിരസ്തദാർ രാജി, ജൂനിയർ സൂപ്രണ്ട് ദേവപാലൻ വി എസ് എന്നിവരും പങ്കെടുത്തു.