തിരുവനന്തപുരം : വിദേശയാത്രയ്ക്കായി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് തെരുവുനായയുടെ കടിയേറ്റു.
ചികിത്സതേടിയ യാത്രക്കാരൻ യാത്ര റദ്ദാക്കി.എബി കൊളക്കോട്ട് ജേക്കബ് എന്നയാളുടെ ഇടതുകാലിനാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം.
തിരുവനന്തപുരത്തുനിന്ന് ചൊവ്വാഴ്ച വൈകീട്ട് ഷാർജയിലേക്കു പോകുന്ന എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയതായിരുന്നു.
ടെർമിനിലിനുള്ളിലേക്കു കടക്കുന്നതിന് ലഗേജുൾപ്പെട്ട സാധനങ്ങളുമായി ട്രോളികൾ നിരത്തിയിരിക്കുന്ന ഭാഗത്തെത്തിയപ്പോഴാണ് നായ ആക്രമിച്ചതെന്ന് യാത്രക്കാരൻ പറഞ്ഞു.
സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി നായയെ സ്ഥലത്തുനിന്നു തുരത്തി. നായയുടെ പല്ലുകൊണ്ടുള്ള നിസ്സാര മുറിവാണ് ഉണ്ടായതെങ്കിലും വിമാനത്താവളത്തിലെ ഡോക്ടറെത്തി മുറിവു പരിശോധിച്ചു. ജനറൽ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പെടുക്കാൻ ഡോക്ടർ നിർദേശിച്ചു.
ഇതേത്തുടർന്ന് വിമാനത്താവളത്തിലെ ആംബുലൻസിൽ ഉടൻതന്നെ ജനറൽ ആശുപത്രിയിലെത്തിച്ചു.