വിളവൂർക്കൽ : വീടിന്റെ മേൽക്കൂര തുളച്ചെത്തിയ വെടിയുണ്ട ഹാളിലെ സോഫയിൽ കണ്ടു.
വിളവൂർക്കൽ പൊറ്റയിൽ കാവടിവിളയിൽ ആർ.ആനന്ദും കുടുംബവും താമസിക്കുന്ന വാടക വീട്ടിലാണ് സംഭവം.
മൂക്കുന്നിമലയിൽ സൈന്യത്തിന്റെ ഫയറിങ് പരിശീലനകേന്ദ്രത്തിൽ നിന്നു ലക്ഷ്യംതെറ്റിയെത്തിയ വെടിയുണ്ടയാകാമിതെന്നാണ് കരുതുന്നത്.
ആനന്ദും ഭാര്യ ശരണ്യയും മകൾ സഞ്ജനയെയും കൊണ്ട് രാവിലെ പൂജപ്പുരയിലെ ആശുപത്രിയിൽ പോയിരുന്നു. ഉച്ചയ്ക്ക് ഒന്നരമണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട്ടിലെ ഹാളിലിട്ട സോഫയിൽ വെടിയുണ്ട കിടക്കുന്നതു ശ്രദ്ധയിപ്പെട്ടത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂര തുളവീണ നിലയിലായിരുന്നു.
വൈകീട്ട് വീട്ടുടമ മലയിൻകീഴ് പോലീസിൽ പരാതിനൽകി. കൂടുതൽ അന്വേഷണം നടത്തിയാലേ സംഭവം വ്യക്തമാകൂവെന്ന് മലയിൻകീഴ് പോലീസ് പറഞ്ഞു. സമീപത്തെ വീട്ടിലുൾപ്പെടെ പ്രദേശത്ത് മുൻപും സമാനരീതിയിൽ വെടിയുണ്ട പതിച്ചിട്ടുണ്ട്.