തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ഉദ്ഘാടനത്തിന് മുൻപേ സംസ്ഥാന ഖജനാവിലേക്ക് കോടികൾ എത്തുന്നു.
വിഴിഞ്ഞത്ത് ട്രയൽ റൺ പുരോഗമിക്കുമ്പോൾ സർക്കാർ ഖജനാവിലേക്ക് ജിഎസ്ടി ഇനത്തിൽ 7.4 കോടി രൂപ വരുമാനമായി ലഭിച്ചുവെന്ന് തുറമുഖ വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചു.
നവംബർ ഒൻപത് വരെയുള്ള കണക്ക് അനുസരിച്ച് 46 കപ്പലുകളാണ് തുറമുഖത്ത് എത്തിയത്. 1,00807 ടിഇയു ആണ് കൈകാര്യം ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തിന്റെ വികസനചരിത്രത്തിൽ പുതിയ യുഗത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖമെന്ന് മന്ത്രി പറഞ്ഞു.
ട്രയൽ റൺ ആരംഭിച്ച് നാല് മാസങ്ങൾ പിന്നിട്ടതോടെ ഒന്നിനു പിന്നാലെ ഒന്നായി ലോകത്തിലെ വമ്പൻ ചരക്ക് കപ്പലുകൾ കേരളത്തിന്റെ തീരത്തെത്തിക്കഴിഞ്ഞു. ശനിയാഴ്ച രാത്രിയോടെ ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്ത തുറമുഖമെന്ന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് വിഴിഞ്ഞമെന്ന് മന്ത്രി പറഞ്ഞു.