കോവളം: രണ്ട് വീടുകളിലെ ഷെഡുകളിൽ നിർത്തിയിട്ടിരുന്ന കാറും ബൈക്കുകളും തീയിട്ടു നശിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ.
വെങ്ങാനൂർ പനങ്ങോട് കുഴിയറത്തല ക്ഷേത്രത്തിന് സമീപം രമേശ് മന്ദിരത്തിൽ രമേശ്കുമാറിനെ(53) ആണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്. നവംബർ രണ്ടിന് പുലർച്ചെ ഒന്നേകാലോടെയായിരുന്നു സംഭവം.
വെങ്ങാനൂർ അംബേദ്കർ ഗ്രാമം കൈപ്പളളിക്കുഴി ദേവി ക്ഷേത്രത്തിന് സമീപം ശ്രീജാസ് ഭവനിൽ ശിവശങ്കരൻ നായരുടെ വീട്ടുവളപ്പിലെ ഷെഡിൽ സൂക്ഷിച്ചിരുന്ന രണ്ട് ബൈക്കുകളാണ് ആദ്യം തീയിട്ടത്. ഇവ പൂർണമായും കത്തിപ്പോയി.
ഇതിനടുത്തുള്ള ശിവശങ്കരന്റെ ഭാര്യാ സഹോദരൻ അനീഷിന്റെ ഉടമസ്ഥതയിലുളള വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന കാറും വാടകക്കാരുടെ ബൈക്കുമാണ് പിന്നീട് കത്തിച്ചത്.