മലയിൻകീഴ്: മൂക്കുന്നിമലയിൽ കരസേനയുടെ ഫയറിങ് പിറ്റിൽ പൊലീസിന്റെ വെടിവയ്പ് പരിശീലനം നടന്നതിനു പിന്നാലെ വീടുകളിൽ വെടിയുണ്ടകൾ പതിച്ച സംഭവത്തിൽ പരിശോധന നടത്താൻ നെടുമങ്ങാട് ആർഡിഒയ്ക്കു കലക്ടറുടെ നിർദേശം.
ഇതിന്റെ ഭാഗമായി ആർഡിഒ കെ.പി.ജയകുമാറിന്റെ നേതൃത്വത്തിൽ പൊലീസ്,റവന്യു വകുപ്പ് ഉദ്യോഗസ്ഥർ,ജനപ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിക്കും.
മൂക്കുന്നിമലയിലെ ഫയറിങ് പിറ്റ്, വെടിയുണ്ടകൾ കണ്ടെടുത്ത വീടുകൾ, മുൻകാലങ്ങളിൽ വെടിയുണ്ടകൾ വീണ സ്ഥലങ്ങൾ എന്നിവ പരിശോധിക്കും. ഇതിനുശേഷം കലക്ടറുടെ നടപടി ഉണ്ടാകുമെന്നാണ് സൂചന.
കഴിഞ്ഞ വ്യാഴാഴ്ച റൂറൽ പൊലീസ് ഉദ്യോഗസ്ഥരുടെ എകെ 47 തോക്കുകളടക്കം ഉപയോഗിച്ചുള്ള വെടിവയ്പ് പരിശീലനത്തിനു ശേഷം 4 വെടിയുണ്ടകളാണു വിളവൂർക്കൽ പഞ്ചായത്തിലെ പൊറ്റയിൽ കാവടിവിള, കൊച്ചുപൊറ്റയിൽ പ്രദേശങ്ങളിൽ കണ്ടെത്തിയത്.