തിരുവനന്തപുരം: ചുട്ടിപ്പാറ എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശിനി അമ്മു എ.സജീവിന്റെ (21) ദുരൂഹമരണത്തില്‍ കോളജിനെതിരെ റാഗിങ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിരത്തി കുടുംബം.
കോളജിലെ റാഗിങ് സംബന്ധിച്ചു പരാതി നല്‍കിയിട്ടും അധികൃതര്‍ കാര്യമായി ഇടപെട്ടില്ലെന്നു കുടുംബം പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ അമ്മുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നാണു കുടുംബത്തെ അറിയിച്ചത്.
ആരോഗ്യ സര്‍വകലാശാല വിസി ചൊവ്വാഴ്ച അമ്മുവിന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി സംസാരിച്ചു. സംഭവത്തില്‍ പത്തനംതിട്ട പൊലീസ് സഹപാഠികളുടെയും കോളജ് അധികൃതരുടെയും മൊഴിയെടുത്തിരുന്നു.