തിരുവനന്തപുരം :ബീമാപള്ളി ഉറൂസ് മഹോത്സവത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിൽ ബീമാപള്ളി അമിനിറ്റി സെന്റർ ഹാളിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ഈ വർഷത്തെ ഉറൂസ് മഹോത്സവം കുറ്റമറ്റരീതിയിൽ പൂർത്തിയാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും ഏകോപനം ഉറപ്പാക്കണമെന്നും തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ആന്റണി രാജു എം.എൽ.എ സന്നിഹിതനായിരുന്നു. ഉറൂസുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതായി എം.എൽ.എ പറഞ്ഞു. ഡിസംബർ മൂന്ന് മുതൽ 13 വരെയാണ് ഇക്കൊല്ലത്തെ ബീമാപള്ളി ഉറൂസ് നടക്കുന്നത്.
ഉറൂസിന് മുന്നോടിയായി ബീമാപള്ളിയിലേയും പരിസര പ്രദേശങ്ങളിലേയും മാലിന്യനീക്കം പുരോഗമിക്കുന്നതായി തിരുവനന്തപുരം കോർപ്പറേഷൻ ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. ഉത്സവമേഖലയിലെ നഗരസഭയ്ക്ക് കീഴിലുള്ള റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കും. ഹരിതചട്ടം കർശനമായി പാലിക്കുമെന്നും ദിശാബോർഡുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
വലിയതുറ-ബീമാപള്ളി റോഡ്, വലിയതുറ-എയർപോർട്ട് റോഡ്, മണക്കാട്-വലിയതുറ റോഡ്, ബി.എസ്.എഫ് ലൈൻ റോഡ് എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണികൾ ഉറൂസിന് മുന്നോടിയായി പൂർത്തിയാക്കുമെന്ന് പൊതുമാരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
തീർത്ഥാടകരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമായി നവിതാ പോലീസ് ഉൾപ്പെടെ കൂടുതൽ പോലീസ് സേനയെ വിന്യസിക്കുമെന്ന് ഡി.സി.പി ബി.വി വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. പോലീസ് കൺട്രോൾ റൂം തുറക്കും. പട്രോളിങ് ശക്തമാക്കും കൂടാതെ വിവിധയിടങ്ങളിൽ സിസിടിവി ക്യാമറകളും സ്ഥാപിക്കും.
ഉത്സവ സമയത്ത് പൂർണ സജ്ജീകരണങ്ങളോടുകൂടിയ ഒരു ഫയർ ആൻഡ് റസ്‌ക്യൂ ടീം ബീമാപള്ളി പരിസരത്ത് ക്യാമ്പ് ചെയ്യും. സിവിൽ ഡിഫെൻസ് വൊളണ്ടിയർമാരുടെ സേവനവും ഉണ്ടായിരിക്കും.
ജില്ലാ മെഡിക്കൽ ഓഫീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം ബീമാപള്ളിയിൽ ക്യാമ്പ് ചെയ്യും. ആദ്യദിനം രാവിലെ എട്ട് മുതൽ രാത്രി പത്ത് മണി വരെയും മറ്റ് ദിവസങ്ങളിൽ ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി പത്ത് മണി വരെയും മെഡിക്കൽ ടീം ഉണ്ടായിരിക്കും. സമാപന ദിവസം രാവിലെ എട്ട് മുതൽ പിന്നേദിവസം രാവിലെ എട്ട് വരെ മെഡിക്കൽ ടീമിന്റെ സേവനം ലഭിക്കും. അടിയന്തരഘട്ടങ്ങളിൽ ആംബുലൻസ് സേവനവും ഉറപ്പാക്കും.
തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികൾ നഗരസഭയുമായി ചേർന്ന് പൂർത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. പള്ളിക്കകത്ത് സ്ഥാപിച്ചിരിക്കുന്ന സോളാർ ലൈറ്റുകളുടെ അറ്റകുറ്റപ്പണികൾ ഉറൂസിന് മുന്നോടിയായി അനെർട്ട് പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കും.
നഗരത്തിന്റെ വിവിധയിടങ്ങളിൽ നിന്ന് ഉത്സവമേഖലയിലേക്ക് കെ.എസ്.ആർ.ടി.സി 15 സ്‌പെഷൽ സർവീസുകൾ നടത്തും. ബീമാപള്ളിയിൽ താത്കാലിക സ്റ്റേഷൻ മാസ്റ്റർ ഓഫീസ് ആരംഭിക്കും. എക്‌സൈസിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനാ സ്‌ക്വാഡുകൾ ബീമാപള്ളിയിലും പരിസര പ്രദേശങ്ങളിലും ആരംഭിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ സ്‌ക്വാഡുകളും ഉടൻ പ്രവർത്തനം തുടങ്ങും.