സംസ്ഥാന സ്‌കൂൾ കായികമേളയിലെ മെഡൽ ജേതാക്കളെ അനുമോദിച്ചു

IMG_20241121_233342_(1200_x_628_pixel)

തിരുവനന്തപുരം:സർക്കാർ നടപ്പാക്കുന്ന കായിക പദ്ധതികൾ ശരിയായ ദിശയിലാണെന്ന് ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ മികവ് തെളിയിക്കുന്നുവെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.

66മത് സംസ്ഥാന സ്‌കൂൾ കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഗവൺമെന്റ് ജി.വി രാജ സ്പോർട്സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ മെഡൽ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക മേഖലയിൽ കേരള സർക്കാരിന്റേത് മാതൃകാപരമായ പ്രവർത്തനമാണെന്നും 2,400 കോടി രൂപയുടെ നിക്ഷേപമാണ് കായിക മേഖലയിൽ സർക്കാർ നടത്തിയതെന്നും മന്ത്രി സൂചിപ്പിച്ചു. കൃത്യമായ മേൽനോട്ടത്തിലൂടെ വിദ്യാർഥികളുടെ യഥാർത്ഥ കഴിവുകളെ പുറത്തെത്തിക്കാൻ കഴിഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് മികച്ച പ്രകടനമാണ് സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജി വി രാജ സ്‌പോർട്‌സ് സ്‌കൂളിലെ വിദ്യാർഥികൾ കാഴ്ചവെച്ചതെന്നും മന്ത്രി വ്യക്തമാക്കി. 2025ൽ രാജ്യത്തെ മികച്ച സ്‌പോർട്‌സ് സ്‌കൂളായി ജി.വി രാജാ സ്‌പോർട്‌സ് സ്‌കൂൾ മാറും. സ്‌കൂളിന്റെ വികസനത്തിനായി സാധ്യമായതെല്ലാം സർക്കാർ നടപ്പാക്കുമെന്നും മികച്ച നേട്ടങ്ങൾക്കായി കൂടുതൽ പരിശീലകരെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു.

 

അടുത്ത അധ്യയന വർഷം മുതൽ ജി.വി രാജ സ്‌പോർട്‌സ് സ്‌കൂളിൽ പുതിയ കായിക പാഠ്യപദ്ധതി നടപ്പാക്കും. രാജ്യത്ത് ആദ്യമായി കായിക പാഠ്യപദ്ധതി നടപ്പാക്കുന്ന സംസ്ഥാനമായി ഇതിലൂടെ കേരളം മാറുമെന്നും കായിക പരിശീലനത്തിലൂടെ ഉപരിപഠനത്തിനും അവസരം ഒരുക്കുകയാണ് പുതിയ പാഠ്യപദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു. രാജ്യത്തിന്റെ കായികമേഖലയിൽ കേരളത്തിന് സുപ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് എം.എൽ.എ പറഞ്ഞു. മികച്ച വിജയങ്ങൾ നേടാൻ സ്‌കൂളിനും വിദ്യാർത്ഥികൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ ഉൾപ്പെടെ ദേശീയ-സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മെഡൽ ജേതാക്കളായ വിദ്യാർത്ഥികളെയും മികച്ച പ്രകടനങ്ങൾക്ക് അവരെ പ്രാപ്തരാക്കിയ പരിശീലകരെയും മൊമെന്റോ നൽകി മന്ത്രി ആദരിച്ചു.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ തിരുവനന്തപുരം ജില്ല ജേതാക്കളായതിൽ പ്രധാന പങ്ക് വഹിച്ചത് ഗവൺമെന്റ് ജി.വി രാജ സ്‌പോർട്‌സ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രകടന മികവായിരുന്നു. അത്ലറ്റിക്സ് മീറ്റിൽ 55 പോയിന്റോടെ രണ്ടാം സ്ഥാനവും 400 മീറ്റർ ഓട്ടത്തിൽ റെക്കോർഡ് നേട്ടവും സ്‌കൂൾ സ്വന്തമാക്കി. വിവിധ ഇനങ്ങളിലായി 75 മെഡലുകളാണ് സ്‌കൂളിലെ വിദ്യാർത്ഥികൾ കരസ്ഥമാക്കിയത്.

കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, മൈലം വാർഡ് മെമ്പർ സി.മറിയക്കുട്ടി, പ്രിൻസിപ്പാൾ ഡോ.എം.കെ സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് രാഹുലാദേവി ഒ.വി, ഹൈ പെർഫോമൻസ് മാനേജർ ഡോ.പി.ടി ജോസഫ് എന്നിവരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!