ചാല ഗവ.ഐടിഐയുടെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

IMG_20241128_211355_(1200_x_628_pixel)

തിരുവനന്തപുരം:നൈപുണ്യ വികസനത്തിന്‌ സർക്കാർ പ്രഥമ പരിഗണന നൽകുന്നുവെന്നും സംസ്ഥാനത്തെ ഐടിഐകൾ സമൂലമായി പുന:സംഘടിപ്പിക്കുമെന്നും പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

ഭാവിയിൽ സ്കിൽ ഹബ്ബായി ഉയർത്തുന്നതിന് ലക്ഷ്യമിട്ട്, കാലഘട്ടത്തിനനുസരിച്ചുള്ള നൂതനമായ ട്രേഡുകൾ ഉൾപ്പെടുത്തി ചാലയിൽ പ്രവർത്തനം തുടങ്ങുന്ന ഗവൺമെന്റ് ഐടിഐ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

നൈപുണ്യ പരിശീലനം നേടുന്ന വനിതാ ട്രെയിനികൾക്ക് മാസത്തിൽ രണ്ടു ദിവസം ആർത്തവ അവധി നൽകും. ശനിയാഴ്ചകളിൽ എല്ലാ ട്രെയിനികൾക്കും അവധിയായിരിക്കും. അവധി ദിവസങ്ങളിൽ നഷ്ടപ്പെടുന്ന ക്ലാസുകൾ എടുക്കുന്നതിനു ഷിഫ്റ്റുകൾ ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

 

സാമ്പത്തിക പ്രതിസന്ധികാലത്തും പുതുതായി നാല് ഐടിഐകൾ ആരംഭിക്കുന്നതിന് സർക്കാർ അനുമതി നൽകി. സംസ്ഥാനത്തെ പത്ത് ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കു ഉയർത്തുന്നതിനു 90 കോടി ചെലവാക്കി. ഐടിഐകളിലെ കാലഹരണപ്പെട്ട കോഴ്സുകൾ നിർത്തലാക്കുമെന്നും മന്ത്രി പറഞ്ഞു.

 

ചാല ഗവ.ഹൈസ്‌ക്കൂള്‍ കോമ്പൗണ്ടിലെ രണ്ടേക്കർ സ്ഥലത്താണ് ഐ.ടി.ഐ പ്രവർത്തനം ആരംഭിക്കുന്നത്. അഡിറ്റീവ് മാനുഫാക്ടറിംഗ് (ത്രീ ഡി പ്രിന്റിംഗ്), ഇന്റർസ്ട്രിയൽ റോബോട്ടിക്സ് & ഡിജിറ്റൽ മാനുഫാക്ചറിംഗ് ടെക്നീഷ്യൻ, മറൈൻ ഫിറ്റർ, മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ ഇഫക്ട്,

വെൽഡർ തുടങ്ങിയവയാണ് ചാല ഐടിഐയിൽ ആരംഭിക്കുന്ന കോഴ്‌സുകൾ. ആകെ 200 കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കും.

 

ഐ.ടി.ഐ. തുടങ്ങുന്നതിന്റെ ആദ്യഘട്ടമായി അഡിറ്റീവ് മാനുഫാക്ടറിംഗ് (ത്രീ ഡി പ്രിന്റിംഗ്) & മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ ഇഫക്ട് എന്നീ ട്രേഡുകളിൽ 80 കുട്ടികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. പാപ്പനംകോട് ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിലാണ് താൽക്കാലികമായി ക്ലാസുകൾ നടത്തുന്നത്. ഡിസംബർ 2ന് ക്ലാസുകൾ ആരംഭിക്കും.

 

ഐ.ടി.ഐ പുതിയ കെട്ടിടത്തിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടന്നുവരികയാണ്. മൂന്ന് നിലകളിലായി 36,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്.

ഐ.ടി.ഐക്ക് ആവശ്യമായ ഉപകരണ സംഭരണത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ അഡിറ്റീവ് മാനുഫാക്ടറിംഗ് (ത്രീ ഡി പ്രിന്റിംഗ്) & മൾട്ടിമീഡിയ അനിമേഷൻ & സ്പെഷ്യൽ ഇഫക്ട് എന്നീ ട്രേഡുകളുടെ ലാബുകൾ സ്ഥാപിക്കാൻ ഒരു കോടി രൂപ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ചു. കെട്ടിട നിർമ്മാണം 2025 ഡിസംബറിന് മുമ്പ് പൂർത്തീകരിക്കും.

 

കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ സുഫിയാൻ അഹമ്മദ്‌, വ്യവസായിക പരിശീലനം വകുപ്പ് അഡിഷണൽ ഡയറക്ടർ മിനി മാത്യു, ചാല വാർഡ് കൗൺസിലർ സിമി ജ്യോതിഷ്, വിദ്യാഭ്യാസ, രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിലെ പ്രമുഖര്‍, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ട്രെയ്‌നികള്‍ എന്നിവര്‍ പങ്കെടുത്തു.

 

ദേശീയതലത്തിലുള്ള ഇന്ത്യാ സ്കിൽസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള അവാർഡ് ദാനവും അനുമോദനവും ചടങ്ങിൽ നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!