തിരുവനന്തപുരം:800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.
കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിൽ പുതുതായി നിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേമം മണ്ഡലത്തിലെ 17 സ്കൂളുകളിൽ ഒരു കോടി മുതൽ 15 കോടിവരെ ചെലവഴിച്ച് വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. കോലിയക്കോട് വെൽഫയർ എൽ. പി സ്കൂളിന്റെ വികസനത്തിനായി ആവശ്യമെങ്കിൽ ഇനിയും ഫണ്ട് അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പദ്ധതി വിഹിതത്തില്‍ നിന്നും ഒരു കോടി രൂപയും എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 46 ലക്ഷം രൂപയും ഉപയോഗിച്ചാണ് ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
4800 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച പുതിയ മന്ദിരത്തിൽ ആറ് ക്ലാസ്സ്‌മുറികളും രണ്ട് ടോയ്ലറ്റ് ബ്ലോക്കുകളും വരാന്തയും ഉണ്ട്. മൂന്ന് നിലകൾ നിർമ്മിക്കുന്നതിനുള്ള അടിത്തറ കെട്ടിടത്തിന് നൽകിയിട്ടുണ്ട്. 15 മാസം കൊണ്ടാണ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.
കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. നേമം വാര്‍ഡ് കൗണ്‍സിലര്‍ യു.ദീപിക, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീജ.ആര്‍.നായര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.