തിരുവനന്തപുരം:ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ടി. കെ വിനീതിന്റെ അധ്യക്ഷതയിൽ ജില്ലാ വികസന സമിതി യോഗം ചേർന്നു.
നഗരസഭയ്ക്ക് കീഴില്‍ വരുന്ന ഫ്‌ളഡ് വര്‍ക്കുകൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന് വി.കെ പ്രശാന്ത് എംഎൽഎ യോഗത്തിൽ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
നഗരസഭയില്‍ 51 ഫ്‌ളഡ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ച് അന്തിമബില്‍ സമര്‍പ്പിച്ചതായി തിരുവനന്തപുരം കോർപ്പറേഷൻ പ്രതിനിധി യോഗത്തിൽ അറിയിച്ചു.
വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനത്തിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് 660 കോടിയുടെയും ഒന്നാം പാദമായ ശാസ്തമംഗലം-മണ്ണറക്കോണം റോഡ് വികസനത്തിനായി 25 കോടിയുടെയും സാമ്പത്തികാനുമതി കിഫ്ബി നല്‍കിയതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമി ഏറ്റെടുക്കുന്നതിന് ആദ്യ വിഹിതമായ 345 കോടി സ്‌പെഷ്യല്‍ തഹസില്‍ദാറിന് കൈമാറി. പട്ടം മേല്‍പ്പാലത്തിനായി ആദ്യം തയ്യാറാക്കിയ രൂപരേഖയ്ക്ക് അനുസരിച്ച് സ്ഥലം ഏറ്റെടുത്തുകഴിഞ്ഞു. പുതുക്കിയ അലൈന്‍മെന്റില്‍ അന്തിമതീരുമാനം ഉണ്ടാകുന്നതിനനുസരിച്ച് മേല്‍പ്പാലത്തിന്റെ രൂപരേഖയില്‍ മാറ്റംവരുത്തി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
പൂവാര്‍ ബോട്ട് സര്‍വ്വീസിന്റെ പേരില്‍ വിദേശികളെ ചൂഷണം ചെയ്യുന്നതായും കമ്മീഷന്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നതായും കെ. ആന്‍സലന്‍ എംഎല്‍എ ഉന്നയിച്ചു. ഈ പ്രദേശങ്ങളില്‍ ലഹരി വില്പന തകൃതിയായി നടക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങൾ ജില്ലാ കളക്ടറുടെ അടിയന്തര ശ്രദ്ധയിൽ പെടുത്തുമെന്ന് എഡിഎം ഉറപ്പുനൽകി.
ഈരാറ്റിന്‍പുറം ടൂറിസം പദ്ധതി ആദ്യഘട്ടം പൂര്‍ത്തിയായതായി ടൂറിസം അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടത്തിലെ അഡ്വഞ്ചര്‍ ആക്റ്റിവിറ്റികള്‍ക്കായി അനുമതി തേടിയിട്ടുണ്ട്.
കുളത്തൂര്‍ പവര്‍ലൂം തുറന്നുപ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് കെ. ആന്‍സലന്‍ എംഎല്‍എ ഉന്നയിച്ച ചോദ്യത്തിന് 30 തറികളില്‍ നെയ്ത്ത് ആരംഭിച്ചതായി വ്യവസായ വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ഖരമാലിന്യ സംസ്‌ക്കരണത്തിനായി 50 ലക്ഷം രൂപയുടേയും അറ്റകുറ്റപ്പണികള്‍ക്കായി 30 ലക്ഷം രൂപയുടേയും പ്രവൃത്തികളാണ് നടക്കുന്നതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന പേ വാര്‍ഡ് കെട്ടിടത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ വി.എസ് ബിജു, എം.പിമാരുടെയും, എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.