തിരുവനന്തപുരം: ആറും എട്ടും വയസ്സുള്ള കുട്ടികളെ ക്രൂരമായി ദേഹോപദ്രവം ഏൽപിക്കുകയും ചട്ടുകം കൊണ്ട് പൊള്ളലേൽപിക്കുകയും ചെയ്തെന്ന പരാതിയിൽ ഐടി എൻജിനീയറായ അമ്മയ്ക്ക് എതിരെ പൊലീസ് കേസ് എടുത്തു.
മണ്ണന്തല മുക്കോല സൗപർണിക ഫ്ലാറ്റിൽ താമസിക്കുന്ന പറവൂർ സ്വദേശി ഖദീജ അബ്ദുൽ കരീമിന് എതിരെയാണ് മണ്ണന്തല പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
എട്ടു വയസ്സുകാരനെ ചട്ടുകം കൊണ്ട് പൊള്ളിക്കുകയും ആറുവയസ്സുള്ള മകളെ ദേഹോപദ്രവം ഏൽപിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തെന്നാണ് പരാതി. പരുക്കേറ്റ കുട്ടികൾ പേരൂർക്കട ജില്ലാ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ചയായിരുന്നു സംഭവം.
ഖദീജയും ഭർത്താവ് ജമീലും രണ്ടരവർഷം മുൻപ് നിയമപരമായി വേർപിരിഞ്ഞു. കുട്ടികൾ അഞ്ച് ദിവസം ഖദീജയ്ക്കൊപ്പവും രണ്ടു ദിവസം ജമീലിനും ഒപ്പമാണ് കഴിയുന്നത്. വെള്ളിയാഴ്ച ഖദീജയുടെ വീട്ടിൽ നിന്നു മടങ്ങി എത്തിയപ്പോഴാണ് മകന്റെ കാലിൽ പൊള്ളലേറ്റതായി കണ്ടതെന്ന് ജമീൽ പറഞ്ഞു. ഉടൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എട്ടുവയസ്സുകാരനെയും സഹോദരിയെയും കൗൺസലിങ് നടത്തി. അടുക്കളയിൽ പാചകം ചെയ്യുന്നതിനിടയിൽ അമ്മ ചട്ടുകം ഉപയോഗിച്ച് തല്ലിയെന്നും അസഭ്യം വിളിച്ചെന്നും ആണ് കുട്ടികൾ മൊഴി നൽകിയതെന്നു പൊലീസ് പറഞ്ഞു