അരുവിക്കര :അരുവിക്കര നിയോജക മണ്ഡലത്തിലെ രണ്ട് സ്‌കൂളുകൾക്ക് കൂടി ആധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനിലമന്ദിരം പണിയുന്നു.
അരുവിക്കര ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിനും പൂവച്ചൽ ഗവൺമെന്റ് യു.പി സ്‌കൂളിനും കിഫ്ബി- കില ഫണ്ടുകളുടെ സഹായത്തോടെയാണ് പുതിയ കെട്ടിടങ്ങൾ നിർമിക്കുന്നത്. ഇരു മന്ദിരങ്ങളുടെയും ശിലാസ്ഥാപനം ജി. സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു.
ഇന്നത്തെ ക്ലാസ് മുറികളാണ് നാളത്തെ സമൂഹമെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്ത് ആകെ 45,000 ക്ലാസ് മുറികളാണ് സർക്കാർ പണിതതെന്ന് എം.എൽ.എ പറഞ്ഞു. വിദ്യാഭ്യാസം ജോലിക്ക് വേണ്ടി മാത്രമല്ലെന്നും മൂല്യബോധമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുകയെന്നതാണ് അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും കടമയെന്നും അദ്ദേഹം വ്യക്തമാക്കി.
അരുവിക്കര ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂളിന് കിഫ്ബി-കില ഫണ്ടിൽ നിന്നും 3.90 കോടി രൂപയാണ് പുതിയ കെട്ടിടം നിർമിക്കുന്നതിനായി വിനിയോഗിക്കുന്നത്. പതിനായിരം സ്‌ക്വയർ ഫീറ്റിൽ നിർമിക്കുന്ന ഇരുനിലമന്ദിരത്തിന് താഴത്തെ നിലയിൽ ആറ് ക്ലാസ് മുറികളും മുകളിലത്തെ നിലയിൽ നാല് ക്ലാസ് മുറികളുമുണ്ട്. ഇരു നിലകളിലും ശുചിമുറികളുണ്ട്. ലിഫ്റ്റ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ എന്നിവയും കെട്ടിടത്തിലുണ്ട്.
പൂവച്ചൽ ഗവൺമെന്റ് യു.പി.എസിൽ കിഫ്ബി-കില ഫണ്ടിൽ നിന്നും 1.30 കോടി രൂപ ചെലവഴിച്ച് 5,260 സ്‌ക്വയർ ഫീറ്റിൽ ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ മൂന്ന് നില മന്ദിരമാണ് നിർമിക്കുന്നത്. ഓരോ നിലയിലും രണ്ട് ക്ലാസ് മുറികളും ഭിന്നശേഷി സൗഹൃദമായ ശുചിമുറികളും ഉണ്ടായിരിക്കും. കോണിപ്പടി, റാമ്പ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒൻപത് മാസമാണ് നിർമാണ കാലയാളവ്.
അരുവിക്കര ഗവൺമെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ, പൂവച്ചൽ ഗവൺമെന്റ് യു.പി.എസ് എന്നിവിടങ്ങളിലായി നടന്ന ചടങ്ങുകളിൽ അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.കല, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി.സനൽകുമാർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വെള്ളനാട് ശശി, വി.രാധിക ടീച്ചർ, പ്രധാനാധ്യാപികമാരായ റാണി ആർ ചന്ദ്രൻ, എസ്.ശ്രീദേവി, മറ്റ് അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരും പങ്കെടുത്തു.