വിമാനപാതയിൽ പട്ടം ; തിരുവനന്തപുരത്ത് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി

IMG_20240718_232228_(1200_x_628_pixel)

തിരുവനന്തപുരം: വിമാനപാതയില്‍ പറന്ന പട്ടം കാരണം വഴിമുടങ്ങിയത് ആറു വിമാനങ്ങള്‍ക്ക്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേക്ക് 200 അടിയോളം മുകളിലായി പറന്ന പട്ടം വൈകീട്ട് രണ്ടു മണിക്കൂറോളം വ്യോമഗതാഗതം അലങ്കോലമാക്കി.

നാലു വിമാനങ്ങളെ വഴിതിരിച്ച് വിട്ടു. പുറപ്പെടാനൊരുങ്ങിയ രണ്ടു വിമാനങ്ങളുടെ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ബേയിലേക്ക് തിരിച്ചെത്തിച്ചു. രാജീവ് അക്കാദമിയുടെ പരിശീലനവിമാനത്തിന്റെ പറക്കലും നിര്‍ത്തിവെച്ചു.

വിമാനപാതയില്‍ അപകടരമായ സാഹചര്യത്തില്‍ പട്ടം പറക്കുന്ന സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവളത്തിലെ അഗ്‌നിരക്ഷാസേനയും ഏപ്രണിലെ ഉദ്യോഗസ്ഥരുമെത്തി റണ്‍വേയ്ക്ക് മുകളില്‍ പറക്കുന്ന പട്ടത്തിനെ അടിയന്തരമായി താഴെയിറക്കാന്‍  ശ്രമം നടത്തി.

അഗ്‌നിരക്ഷാ വാഹനത്തില്‍ നിന്ന് പട്ടം നില്‍ക്കുന്ന ഭാഗത്തേക്ക് ഉയരത്തില്‍ വെളളം ചീറ്റിച്ചു. വിമാനത്താവളത്തില്‍ പക്ഷികളെ തുരത്തിയോടിക്കുന്ന ബേര്‍ഡ് സ്‌കെയര്‍സ് ജീവനക്കാര്‍ പട്ടം ലക്ഷ്യമാക്കി റോക്കറ്റുകള്‍ അയച്ചുവെങ്കിലും ലക്ഷ്യം കാണാനായില്ല.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെ തിരുവനന്തപുരം വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ പാലത്തിനടുത്തുളള റണ്‍വേ- 32 ന്റെയും വളളക്കടവ് സുലൈമാന്‍ തെരുവിനും ഇടയ്ക്കുളളതുമായ ഭാഗത്തെ ആകാശത്ത് 200 അടി ഉയരത്തിലാണ് പട്ടം പറന്നത്.

വിമാനത്താവള അധികൃതര്‍ അറിയിച്ചതുപ്രകാരം റണ്‍വേയുടെ പരിധിയിലെ എല്ലായിടത്തും പോലീസ് എത്തി പരിശോധന നടത്തി. എന്നാല്‍ പട്ടം പറത്തിയവരെ കണ്ടെത്താനായില്ല

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Latest News

More Popular

error: Content is protected !!