തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിനു സമാപനം.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
‘സ്പിരിറ്റ് ഓഫ് സിനിമ’ അവാര്‍ഡ് സംവിധായിക പായല്‍ കപാഡിയയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ഫലകവുമാണ് സമ്മാനം. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ അഞ്ച് പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്.
മികച്ച സിനിമയ്ക്കുള്ള സുവര്‍ണ ചകോരം പെഡ്രെ ഫ്രെയെര്‍ സംവിധാനം ചെയ്ത ‘മലു’ കരസ്ഥമാക്കി. സംവിധായകനും നിര്‍മാതാക്കള്‍ക്കുമായി 20 ലക്ഷം രൂപയും പ്രശസ്തി പത്രവും സുവര്‍ണ്ണ ചകോരത്തിനൊപ്പം സമ്മാനിച്ചു.
മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ചിലിയെൻ ചിത്രം ദ് ഹൈപ്പർബോറിയൻസ് സംവിധാനം ചെയ്ത ക്രിസ്റ്റോബൽ ലിയോണിനും ജോക്വിൻ കോസിനും ലഭിച്ചു. സിനിമയുടെ കലാ സംവിധായിക നതാലിയ ഗെയ്‌സാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
ഹര്‍ഷാദ് ഷാഷ്മിയാണ് മികച്ച സംവിധായകന്‍. ചിത്രം ‘മി മറിയം: ദ് ചില്‍ഡ്രന്‍ ആന്റ് 26 അദേഴ്‌സ്’. പോളിങ്ങിലൂടെ തിരഞ്ഞെടുത്ത മികച്ച പ്രേക്ഷക ചിത്രത്തിനുള്ള പുരസ്‌കാരവും ഫാസിൽ മുഹമദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയ്ക്കാണ്.
നിശാഗാന്ധിയില്‍ നടന്ന സമാപന ചടങ്ങിൽ സുവര്‍ണ ചകോരം നേടിയ പെഡ്രെ ഫ്രെയെറുടെ ‘മലു’ പ്രദര്‍ശിപ്പിച്ചു.