വർക്കല : ശിവഗിരി തീർഥാടനത്തിന് തുടക്കമായി.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം നിർവഹിച്ചു.
സ്വാമി സച്ചിദാനന്ദ അധ്യക്ഷനാകും. ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. അടൂർ പ്രകാശ് എംപി, രമേശ് ചെന്നിത്തല എംഎൽഎ എന്നിവർ പ്രസംഗിക്കും.
11.30ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.ആർ.അനിൽ അധ്യക്ഷനാകും. നാരായണ ഗുരുകുല അധ്യക്ഷൻ സ്വാമി മുനിനാരായണ പ്രസാദിനെ ചടങ്ങിൽ ആദരിക്കും.
ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി.ജഗതിരാജ്, എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ.എം.എൻ.സോമൻ, മോൻസ് ജോസഫ് എംഎൽഎ, എഡിജിപി പി.വിജയൻ, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം, നിർമാതാവ് വേണു കുന്നപ്പിള്ളി എന്നിവർ പ്രസംഗിക്കും.
ഉച്ചയ്ക്കു 2ന് ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി നാഷനൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഡയറക്ടർ ഡോ.അനന്തരാമകൃഷ്ണൻ അധ്യക്ഷനാകും.
ഐഐഎസ്ടി ഡീൻ ഡോ.കുരുവിള ജോസഫ്, കേരള യൂണിവേഴ്സിറ്റി ബയോ ഇൻഫർമാറ്റിക്സ് വിഭാഗം മുൻ മേധാവി ഡോ.അച്യുത്ശങ്കർ എസ്. നായർ, സി-ഡാക് അസോഷ്യേറ്റ് ഡയറക്ടർ ഡോ.കെ.ബി.സെന്തിൽകുമാർ, ബൈജു പാലക്കൽ എന്നിവർ പ്രസംഗിക്കും. വൈകിട്ട് 5 ന് ശുചിത്വ, ആരോഗ്യ, ഉന്നതവിദ്യാഭ്യാസ സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിക്കും. വൈകിട്ട് 7ന് കലാപരിപാടികളുടെ ഉദ്ഘാടനം നടക്കും.
ജനുവരി 1ന് ആണ് തീർഥാടനത്തിന്റെ സമാപനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു പുറപ്പെട്ടിട്ടുള്ള തീർഥാടന പദയാത്രകൾ ഇന്നു രാത്രിയോടെ ശിവഗിരിയിൽ എത്തിച്ചേരും. 31ന് നടക്കുന്ന തീർഥാടന ഘോഷയാത്രയിൽ എല്ലാ പദയാത്രികരും അണിനിരക്കും.