തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേക്ക് മുകളിലൂടെ കൂറ്റൻ ബലൂൺ പാറിപ്പറന്നത് ആശങ്ക സൃഷ്ടിച്ചു.
റൺവേ അടച്ചിട്ടിരുന്നതിനാൽ ലാൻഡിംഗിനായി ഈ സമയം വിമാനങ്ങൾ എത്തിയിരുന്നില്ല. അതിനാൽ അപകടം ഒഴിവായി. ഇന്നലെ വൈകിട്ട് 5ഓടെയാണ് ശംഖുംമുഖം എയർഫോഴ്സ് സ്റ്റേഷന് മുകളിലൂടെ വലിയ ഹൈഡ്രജൻ ബലൂൺ പാറിപ്പറന്ന് വിമാനത്താവളത്തിന് മുകളിലൂടെ ഏറെ സമയം കറങ്ങിയത്. ശംഖുംമുഖം ഭാഗത്തുനിന്നാണ് ബലൂണെത്തിയത്.
ദിവസങ്ങൾക്ക് മുമ്പ് റൺവേയിൽ അപ്രതീക്ഷിതമായി പട്ടം ഉയർന്ന് പൊങ്ങിയത് വിമാനങ്ങളുടെ സർവീസുകളെ തന്നെ ബാധിച്ചിരുന്നു
വിമാനത്താവളത്തിന്റെ ചുറ്റളവിൽ പട്ടം, ബലൂണുകൾ എന്നിവ പറത്താൻ പാടില്ലെന്ന കളക്ടറുടെ ഉത്തരവുകൾ കാറ്റിൽ പറത്തിയാണ് വലിപ്പമുള്ള ബലൂൺ മണിക്കൂറുകളോളം പറന്നത്. വിമാനങ്ങൾക്ക് മുന്നിൽ പട്ടം, ബലൂണുകളെന്നിവ പെട്ടെന്ന് ഉയർന്ന് പൊങ്ങുന്നത് വിമാനങ്ങളുടെ നിയന്ത്രണം തെറ്റുന്നതിന് കാരണമാകും.