നെടുമങ്ങാട് : മുക്കുപണ്ടം പണയം വെയ്ക്കാൻ ശ്രമിച്ച രണ്ടു പേർ പിടിയിൽ.
പാങ്ങോട് കൊച്ചാലം മൂട് സ്വദേശി ഇർഷാദ്, സുഹൃത്ത് ഭരതന്നൂർ സ്വദേശി നീന എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഉഴമലയ്ക്കൽ – കുര്യത്തി ജംഗ്ഷനിലെ ലക്ഷ്മി ഫൈനാൻസ് എന്ന സ്വർണ്ണ പണയ സ്ഥാപനത്തിൽ വള പണയം വയ്ക്കുന്നതിനാണ് ഇരുവരും എത്തിയത്.
വള നൽകി 40000 രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ, വള ഉരച്ചു നോക്കിയപ്പോൾ സംശയം തോന്നിയ ഫൈനാൻസ് ഉടമ, ആധാർ രേഖ ആവശ്യപ്പെട്ടതോടെ ഇരുവരും ചേർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ ഇരുവരെയും നാട്ടുകാർ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിൽ എടുത്തു.കളളനോട്ട്, വ്യാജചാരായം, മുക്കുപണ്ടം പണയം വയ്പ്പ്, കഞ്ചാവ് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇർഷാദ്.