വാമനപുരം :വാമനപുരം മണ്ഡലത്തിലും ബ്ലോക്ക് പഞ്ചായത്തിലും ഉൾപ്പെട്ട പത്ത് ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തിയുള്ള വ്യവഹാര രഹിത ഗ്രാമം, ഗ്രാമക്കോടതിയുടെ സ്ഥിരം അദാലത്തിൻ്റെ ഉദ്ഘാടനം വെഞ്ഞാറമൂട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലോകായുക്തയും മുൻ കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് എൻ അനിൽ കുമാർ നിർവഹിച്ചു.
വ്യവഹാര രഹിത ഗ്രാമം എന്ന ലക്ഷ്യത്തിൽ എത്താൻ ജനപ്രതിനിധികൾ കൂടുതലായി മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു.
വാമനപുരം മണ്ഡലത്തെ, രാജ്യത്തെ ആദ്യത്തെ വ്യവഹാര രഹിത മണ്ഡലമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗൽ സർവ്വീസ് അതോരിറ്റിയാണ് വാമനപുരം മണ്ഡലത്തിലും ബ്ലോക്കിലും സമ്പൂർണമായി ഈ പദ്ധതി നടപ്പാക്കുന്നത്.
വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർ തമ്മിലുള്ള സിവിൽ, ക്രിമിനൽ സ്വഭാവമുള്ള പരാതികൾ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിൽ പരാതിയുടെ വിശദാംശങ്ങൾ ഉൾപ്പെടെ എഴുതി നിക്ഷേപിക്കണം. അദാലത്തിന് ഒരാഴ്ച മുമ്പുവരെ ലഭിക്കുന്ന പരാതികൾ അതാത് മാസത്തെ അദാലത്തിൽ പരിഗണിച്ച് നിയമജ്ഞരുടെ സാന്നിധ്യത്തിൽ പ്രശ്ന പരിഹാരം ഉറപ്പാക്കി വിധി പുറപ്പെടുവിക്കും.
എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ചയാണ് അദാലത്ത് നടക്കുക. ഈ മാസത്തെ അദാലത്ത് ഇന്ന് (ജനുവരി 25) രാവില 11ന് നടക്കും. പദ്ധതിയുടെ ഭാഗമായി നിയമസാക്ഷരതാ ക്ലാസ്സ് എല്ലാ പഞ്ചായത്ത് പ്രദേശങ്ങളിലും ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഡി. കെ മുരളി എം.എൽ എ യുടെ നേതൃത്വത്തിലുള്ള വാമനപുരം മണ്ഡലം വികസന സമിതിയും വാമനപുരം ബ്ലോക്ക് പഞ്ചായത്തും ജില്ലാ ലീഗൽ അതോരിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
കോടതികളിലേക്കുള്ള കേസുകൾ കുറയ്ക്കുക എന്നതാണ് ഗ്രാമ കോടതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ചുകൊണ്ട് ഡി കെ മുരളി എംഎൽഎ പറഞ്ഞു.
വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ താലൂക്ക് തല റവന്യൂ – പോലീസ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഗ്രാമീണ നിയമസാക്ഷരതാ കാമ്പയിൻ സീനിയർ സിവിൽ ജഡ്ജ് എസ് ഷംനാദ് ഉദ്ഘാടനം ചെയ്തു.