ബാലരാമപുരം : രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മാവൻ ഹരികുമാറിന്റെ അറസ്റ്റ്‍ രേഖപ്പെടുത്തി.
പ്രതിയെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വയ്ക്കും. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം, കുട്ടിയുടെ അമ്മ ശ്രീതുവിനെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. ഏറ്റെടുക്കാൻ ആരുമില്ലാത്തതിനാലാണ് പൂജപ്പുര മഹിള മന്ദിരത്തിലേക്ക് മാറ്റാൻ തീരുമാനിച്ചത്.
ഹരികുമാറാണ് കുട്ടിയെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞതെന്ന് പോലീസിന് ബോധ്യമായിരുന്നു. കുഞ്ഞിനെ ഇയാൾ മുമ്പും ഉപദ്രവിച്ചിരുന്നുവെന്നും രണ്ടു ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ വഴക്കുണ്ടായപ്പോൾ പ്രതി കുട്ടിയെ പിടിച്ചുതള്ളുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.
ശ്രീതു ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ 8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്