തിരുവനന്തപുരം : ഒന്നാം ക്ലാസിലെ കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി.
കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് കച്ചവട താൽപര്യത്തോടെ ചില സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം സ്‌കൂളുകള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘‘ജൂണ്‍ ഒന്നാം തീയതിയാണ് സ്‌കൂള്‍ തുറക്കുന്നത്. എനിക്ക് കിട്ടിയ ഊഹം ശരിയാണെങ്കില്‍ ചില സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് അഡ്മിഷന്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു.
ഒന്നാം ക്ലാസിന്റെ അഡ്മിഷന്‍ ആരംഭിച്ചതു മാത്രമല്ല, കുട്ടിക്ക് എന്‍ട്രന്‍സ് പരീക്ഷയുമുണ്ട്. അത് കേരളത്തില്‍ അംഗീകരിച്ചു കൊടുക്കാന്‍ കഴിയുന്ന കാര്യമല്ല. ബാലപീഡനമാണ് നടക്കുന്നത്. അത് കഴിഞ്ഞിട്ട് രക്ഷകര്‍ത്താവിന് ഇന്റര്‍വ്യു ഉണ്ട്. ഇക്കാര്യങ്ങള്‍ ശരിയല്ല.
ഒന്നാം ക്ലാസില്‍ അക്കാദമിക് ആയി ഒരു കാര്യവും പഠിപ്പിക്കില്ല എന്നാണ് ഇപ്പോള്‍ ആലോചിച്ചു കൊണ്ടിരിക്കുന്നത്. പാഠപുസ്തകവും വേണ്ട, എന്‍ട്രന്‍സ് പരീക്ഷയും വേണ്ട.
അവന്‍ സന്തോഷത്തോടുകൂടി സ്‌കൂളില്‍ വരട്ടെ. അവർ പ്രകൃതിയെ മനസ്സിലാക്കട്ടെ, ഭരണഘടനയുടെ കാര്യങ്ങള്‍ മനസ്സിലാക്കട്ടെ. ഒരു പൗരന്‍ എന്ന നിലയില്‍ വളര്‍ന്നു വരുമ്പോള്‍ ശീലിക്കേണ്ട കാര്യങ്ങള്‍ മനസ്സിലാവട്ടെ. അതെല്ലാം മനസ്സില്‍ കയറുന്ന സമയം ഈ ഒന്നാം ക്ലാസുകളിലൊക്കെയാണ്’’ – ശിവൻകുട്ടി പറഞ്ഞു.