തിരുവനന്തപുരം:സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന വിദേശ തൊഴില്‍ പദ്ധതിയില്‍ പരിഗണിക്കുന്നതിനായി പട്ടികജാതിയില്‍പ്പെട്ട യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരും ഏതെങ്കിലും വിദേശ രാജ്യത്തെ അംഗീകൃത തൊഴില്‍ ദാതാവില്‍ നിന്നും തൊഴില്‍ നല്‍കുന്നതിനു ഓഫര്‍ ലെറ്റര്‍ ലഭിച്ചിട്ടുള്ളവരും ആകണം.
നോര്‍ക്ക റൂട്ട്‌സ്, ഒഡേപെക് എന്നീ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അപേക്ഷകര്‍ക്ക് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. അപേക്ഷകര്‍ 18 നും 55നും മധ്യേ പ്രായമുള്ളവരായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയിൽ അധികമാവരുത്. പദ്ധതിയുടെ പരമാവധി വായ്പാ തുക രണ്ടു ലക്ഷം രൂപയാണ്. അതില്‍ ഒരു ലക്ഷം രൂപ വരെ അര്‍ഹരായവര്‍ക്ക് പട്ടികജാതി വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നും സബ്സിഡിയായി അനുവദിക്കും.
അമ്പത് വയസ് കവിയാത്തവരും രണ്ടര ലക്ഷം രൂപയ്ക്കുള്ളില്‍ കുടുംബ വാര്‍ഷിക വരുമാനമുള്ളവരുമായ അപേക്ഷകര്‍ക്ക് മാത്രമേ സബ്സിഡിക്ക് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. വായ്പയുടെ പലിശനിരക്ക് ആറു ശതമാനവും തിരിച്ചടവ് കാലയളവ് മൂന്നു വര്‍ഷവുമാണ്.
അപേക്ഷകര്‍ക്ക് വിദേശത്ത് തൊഴില്‍ ചെയ്യുന്നതിനുള്ള വര്‍ക്ക് എഗ്രിമെന്റ്, വീസ, പാസ്‌പോര്‍ട്ട്, എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ലഭിച്ചിരിക്കണം. താല്‍പ്പര്യമുള്ള അപേക്ഷകര്‍ അപേക്ഷാ ഫോറത്തിനും വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ അതതു ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.