തിരുവനന്തപുരം :കേരളത്തില്‍ ആദ്യമായി കൃഷിഭവന്‍ എന്ന സംവിധാനത്തിന് തുടക്കം കുറിച്ച കരകുളം പഞ്ചായത്തില്‍ തന്നെ ജില്ലയിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവനും യാഥാര്‍ത്ഥ്യമായി എന്നത് ഏറെ സന്തോഷകരമാണെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.
കരകുളത്ത് ആരംഭിച്ച സ്മാര്‍ട്ട് കൃഷിഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ഷകര്‍ക്ക് എപ്പോഴും ആശ്രയിക്കാന്‍ കഴിയുന്ന ഇടമാകണം കൃഷിഭവനുകള്‍. അത്യാധുനിക ഉപകരണങ്ങളിലൂടെ മാത്രമല്ല, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് ആകുമ്പോഴാണ് കൃഷിഭവനും സ്മാര്‍ട്ട് ആകുന്നത്. കര്‍ഷകർക്ക് വിവിധ സേവനങ്ങൾ ഫലപ്രദമായി ലഭ്യമാക്കാന്‍ കഴിയണം. സ്മാര്‍ട്ടായ സേവനം ഉറപ്പാക്കുന്നതില്‍ ജീവനക്കാര്‍ ശ്രദ്ധ നല്‍കണമെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ ഭാവി രൂപപ്പെടുന്നത് കൃഷിയിടങ്ങളില്‍ നിന്നാണ്. അനാരോഗ്യകരമായ ഭക്ഷണമാണ് മിക്ക രോഗങ്ങള്‍ക്കും കാരണമാകുന്നത്. സാധ്യമാകുന്നയിടത്തെല്ലാം കൃഷി ചെയ്യാന്‍ നമ്മള്‍ തയ്യാറാവണം. കരകുളത്ത് സമഗ്രമായ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന് കൃഷി വകുപ്പിന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി .
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ശാസ്ത്രീയമായി കൃഷി ചെയ്യാനും നല്ല വിളവ് ലഭിക്കാനും ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും സ്മാര്‍ട്ട് കൃഷി ഭവനിലെ സേവനങ്ങളിലൂടെ കര്‍ഷകര്‍ക്ക് അറിവു ലഭിക്കും. കൃഷിദര്‍ശന്‍ പരിപാടിയിലെ കര്‍ഷകരുടെ അഭ്യര്‍ഥന മാനിച്ച് സംസ്ഥാനത്ത് ആദ്യമായി കൃഷിഭവന് ഒരു സബ് സെന്റര്‍ തുറന്നതും കരകുളം പഞ്ചായത്തിലാണ്. കര്‍ഷകരെ സഹായിക്കാന്‍ നിരവധിയായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കര്‍ഷക൪ക്ക് ഐഡി കാര്‍ഡുകള്‍ മന്ത്രിമാര്‍ വിതരണം ചെയ്തു. കരകുളം സ്മാര്‍ട്ട് കൃഷിഭവന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, കരകുളം ഗ്രാമ പഞ്ചായത്തിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ദീപ.വി എന്നിവർ പങ്കെടുത്തു.